ഇതെന്താ ഇങ്ങനെ !

Monday 27 May 2024 8:02 AM IST

ന്യൂയോർക്ക് : സൂക്ഷിച്ച് നോക്കേണ്ട ! ശരിക്കും മരങ്ങൾ തന്നെയാണ്. ആക്‌സൽ എർലാൻഡ്സൺ എന്നയാളാണ് ഈ വിചിത്ര മരങ്ങൾക്ക് പിന്നിൽ. അമേരിക്കയിലേക്ക് കുടിയേറിയ സ്വീഡിഷ് കർഷക കുടുംബത്തിൽപ്പെട്ട ആക്‌സൽ 1925 മുതലാണ് മരങ്ങളിൽ രൂപമാറ്റം ചെയ്യുന്നത് ഹോബിയാക്കി മാറ്റിയത്. വൃക്ഷങ്ങളെ പ്രകൃതിദത്തമായ രീതിയിൽ നിന്നും വ്യത്യസ്തമായി നട്ടു വളർത്തിയാണ് ഇങ്ങനെയുള്ള രൂപത്തിലെത്തിച്ചത്. മരങ്ങളുടെ തടികളിലും ശിഖരങ്ങളിലും കൃത്രിമമായ ഒടിവുകളും വളവുകളും ഉണ്ടാക്കിയ ശേഷം ശ്രദ്ധാപൂർവം വ്യത്യസ്ഥ ഡിസൈനുകളിലെ ആകൃതി വരുത്തി. മരങ്ങൾ കൂട്ടിച്ചേർത്തും ആക്സൽ പുതിയ രൂപങ്ങൾ സൃഷ്‌ടിച്ചു.

മരത്തിന് നൽകിയ ഡിസൈനുകൾക്കനുസരിച്ച് അതിന്റെ വളർച്ചയെ നിയന്ത്രിക്കാൻ ആക്‌സൽ ശ്രദ്ധിച്ചിരുന്നു. വിചിത്ര മരങ്ങളെ സൃഷ്ടിക്കുന്ന ഹോബി ആക്സൽ പിന്നീട് വരുമാനമാക്കി മാറ്റി. കാലിഫോർണിയയിലെ സ്കോട്ട്‌വാലിയിൽ സ്ഥലം വാങ്ങിയ ആക്സൽ തന്റെ ഡിസൈനർ മരങ്ങളെ ശ്രദ്ധാപൂർവം അവിടേക്ക് മാറ്റി സ്ഥാപിക്കുകയും 1947ൽ ' ട്രീ സർക്കസ് ' എന്ന ചെറിയ പാർക്ക് തുറക്കുകയും ചെയ്‌തു.

40 വർഷം കൊണ്ട് 70 ലേറെ വിചിത്ര വൃക്ഷങ്ങൾക്ക് ആക്സൽ രൂപം നൽകി. മരങ്ങളെ രൂപമാറ്റം വരുത്തുന്നതെങ്ങനെയെന്ന രഹസ്യം ആക്സൽ ആരോടും വെളിപ്പെടുത്തിയിട്ടില്ല. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മോശമായതിനെ തുടർന്ന് 1963ൽ ആക്സൽ തന്റെ സർക്കസ് മരങ്ങളും പാർക്കും വിറ്റു. തൊട്ടടുത്ത വർഷം ആക്‌സൽ അന്തരിച്ചു.

പിന്നീട് പലരുടെ കൈകളിലൂടെയും സർക്കസ് മരങ്ങൾ കടന്നുപോയെങ്കിലും ആക്‌സലിനെ പോലെ ആ മരങ്ങളെ ആരും പരിചരിച്ചില്ല. കുറേ മരങ്ങൾ നശിച്ചു പോകാൻ ഇത് കാരണമായി. ഒടുവിൽ, 1985ൽ കാലിഫോർണിയയിലെ ഗിൽറോയ് ഗാർഡൻസ് എന്ന ഫാമിലി തീം പാർക്ക് 24 സർക്കസ് മരങ്ങൾ ഏറ്റെടുത്തു. ഗിൽറോയ് ഗാർഡൻസിലെ മുഖ്യ ആകർഷണമായി മാറിയ ഈ 24 സർക്കസ് മരങ്ങൾ ഇന്നും അവിടെയുണ്ട്. ശേഷിച്ച ഏതാനും സർക്കസ് മരങ്ങൾ സാന്റാ ക്രൂസിലെ മ്യൂസിയം ഒഫ് ആർട്ട് ആൻഡ് ഹിസ്റ്ററിയിലും ബാൾട്ടിമോറിലെ മേരിലാൻഡ് അമേരിക്കൻ വിഷനറി ആർട്ട് മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുണ്ട്.

Advertisement
Advertisement