വീണ്ടും തീക്കളി ? മൂന്ന് ദിവസം കൊണ്ട് മരണം,​ ഭീകരൻ വൈറസിനെ നിർമ്മിച്ച് ചൈന

Monday 27 May 2024 8:02 AM IST

ബീജിംഗ് : മൂന്ന് ദിവസത്തിനുള്ളിൽ ജീവികളെ കൊല്ലാൻ ശേഷിയുണ്ടെന്ന് കരുതുന്ന മാരക വൈറസിനെ സൃഷ്ടിച്ച് ചൈന. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് എബോള രോഗ പഠനത്തിന്റെ ഭാഗമായി ജനിതക മാറ്റം വരുത്തിയ വൈറസിന് രൂപം നൽകിയത്.

എബോള വൈറസിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ഗവേഷകർ ജനിതക മാറ്റം വരുത്തിയ വൈറസിനെ രൂപപ്പെടുത്തിയതെന്ന് പറയുന്നു. വൈറസിനെ കുത്തിവച്ച ഹാംസ്റ്ററുകൾ മൂന്ന് ദിവസത്തിനുള്ളിൽ ചത്തതായി അടുത്തിടെ പുറത്തുവന്ന ഒരു മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എബോള മനുഷ്യനിൽ അവയവങ്ങൾ തകരാറിലാക്കുന്നത് പോലുള്ള ലക്ഷണങ്ങൾ ഹാംസ്റ്ററുകളിലും കണ്ടെത്തി. കാഴ്ച തകരാറുമുണ്ടായി.

എബോളയെ പോലുള്ള മാരക വൈറസുകൾ ബയോസേഫ്‌റ്റി ലെവൽ -4 വിഭാഗത്തിൽപ്പെട്ട ( BSL - 4 അപകടനിരക്ക് ഏറ്റവും ഉയർന്ന ജൈവഘടകങ്ങൾ ) ലാബുകളിലാണ് സൂക്ഷിക്കേണ്ടത്. BSL - 2 ലാബുകളാണ് ലോകത്ത് കൂടുതൽ.

BSL - 4 ലാബുകളിൽ വായു കടക്കാത്ത ഹാസ്‌മറ്റ് സ്യൂട്ടുകളും ഹൈഗ്രേഡ് ഗ്ലൗസുകളുമാണ് ഗവേഷകർ ധരിക്കുന്നത്. വൈറസുകളും ബാക്‌ടീരിയകളും വായുവിലൂടെ പകരാതിരിക്കാനാണിത്.

BSL - 2 ലാബിലായിരുന്നു ചൈനീസ് പരീക്ഷണം. എബോളയെ നേരിട്ട് ഉപയോഗിക്കുന്നതിന് പകരം, വെസികുലാർ സ്റ്റോമാറ്റിറ്റിസ് എന്ന വൈറസിലേക്ക് എബോള വൈറസിലെ ഗ്ലൈകോപ്രോട്ടീൻ ഘടകം കടത്തിവിടുകയായിരുന്നു.

ആഗോളതലത്തിൽ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കൊവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്ന് അബദ്ധത്തിൽ പുറത്തുകടന്നതാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കൊവിഡിനേക്കാൾ ഭീകരനായ ഒരു വൈറസിനെ ചൈനീസ് ഗവേഷകർ സൃഷ്ടിച്ചിരിക്കുന്നത്.

 കൊവിഡിനെ പോലെ ?

കൊവിഡ് 19 മഹാമാരിയ്ക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാർസ്കോവ് - 2 (SARS-CoV-2) വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാകാമെന്നാണ് ആരോപണം. വൈറസ് അബദ്ധത്തിൽ ചോർന്നതാകാൻ ഇടയുണ്ടെന്ന സാദ്ധ്യതയിലേക്കാണ് വിദഗ്ദ്ധർ വിരൽചൂണ്ടുന്നത്.

കൊവിഡ് മനുഷ്യ നിർമ്മിതമാണെന്നതിനോ ലാബിൽ നിന്ന് ചോർന്നെന്നതിനോ ഇതുവരെ തെളിവുകളൊന്നും ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. നിലവിലെ നിഗമന പ്രകാരം വൈറസ് വവ്വാലിൽ നിന്നും ഒരു അജ്ഞാത ജീവി സ്പീഷീസ് വഴി മനുഷ്യരിലേക്കെത്തിയെന്ന് കരുതുന്നു.

വുഹാനിലെ സീഫുഡ് മാർക്കറ്റിൽ വില്പ്പനയ്ക്കെത്തിച്ച ഏതെങ്കിലും ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് കടന്നതെന്നും കരുതുന്നുണ്ട്. വൈറസിന്റെ ഉത്ഭവത്തിൽ മനുഷ്യർക്ക് പങ്കുണ്ടെന്ന വാദം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

 എബോള

മരണനിരക്ക് വളരെയേറെ കൂടിയ വൈറസ്. 1976ൽ കോംഗോയിലാണ് ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്.

2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ ആദ്യമായി എബോള വൈറസ് പടർന്നു പിടിച്ചിരുന്നു. 2016ലാണ് എബോള വ്യാപനം അവസാനിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ എബോള രോഗ കാലയളവായിരുന്നു അത്. 28,000ത്തിലേറെ കേസുകൾ സ്ഥിരീകരിച്ചതിൽ 11,000 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. പിന്നീട് കോംഗോയിലുൾപ്പെടെ ചെറിയ തോതിൽ എബോള പൊട്ടിപ്പുറപ്പെട്ടിരുന്നു. അടുത്തിടെ എബോളയ്‌ക്കെതിരെയുള്ള വാക്സിനുകളും ചികിത്സയും വികസിപ്പിച്ചെടുത്തതാണ് ആകെയുള്ള ആശ്വാസം. എങ്കിലും അടിസ്ഥാന സൗകര്യക്കുറവും ദാരിദ്ര്യവുമൊക്കെ നേരിടുന്ന മിക്ക ആഫ്രിക്കൻ രാജ്യങ്ങൾക്കും എബോളയെ വരുതിയിലാക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്.

Advertisement
Advertisement