ഇസ്രയേലിൽ ഹമാസിന്റെ മിന്നലാക്രമണം  മുന്നറിയിപ്പുമായി ഹിസ്ബുള്ള  ചർച്ചകൾക്ക് വീണ്ടും നീക്കം

Monday 27 May 2024 8:02 AM IST

ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിന് നേരെ ശക്തമായ റോക്കറ്റാക്രമണം നടത്തി ഹമാസ്. ഇന്നലെ തെക്കൻ ഗാസയിലെ റാഫയിൽ നിന്ന് പാഞ്ഞടുത്ത പത്തോളം റോക്കറ്റുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. കെട്ടിടങ്ങൾക്ക് കേടുപാടുണ്ട്. എന്നാൽ ആർക്കും പരിക്കില്ല. നാല് മാസത്തിന് ശേഷമാണ് മദ്ധ്യ ഇസ്രയേലിനെ ഹമാസ് അപ്രതീക്ഷിതമായി ലക്ഷ്യമിട്ടത്. ഗാസയിലെ ആക്രമണം നിറുത്തണമെന്ന് ലോക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടും ഇസ്രയേൽ വകവയ്ക്കാതെ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.വെടിനിറുത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നത് ഇസ്രയേലിന്റെ പരിഗണനയിലുണ്ട്. നാളെ ചർച്ചകൾ തുടങ്ങിയേക്കും. ഇതിന് മുന്നോടിയായി തങ്ങളുടെ ശക്തി കാട്ടാനുള്ള ശ്രമമാണ് ഹമാസ് നടത്തിയതെന്ന് കരുതുന്നു. ചർച്ചകൾ തടസപ്പെടുത്താനുള്ള നീക്കമായും പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ആക്രമണം ഇസ്രയേൽ കൂട്ടക്കൊലക്കെതിരാണെന്ന് ഹമാസിന്റെ അൽ - ഖാസം ബ്രിഗേഡ് ടെലിഗ്രാമിലൂടെ പ്രതികരിച്ചു.

ഇതിനിടെ ഇസ്രയേലിനെ അപ്രതീക്ഷിതമായി ആക്രമിക്കാൻ ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് തയാറെടുക്കുന്നെന്ന റിപ്പോർട്ടും പുറത്തുവന്നു. ഇസ്രയേൽ തങ്ങളിൽ നിന്ന് ചില ' സർപ്രൈസു'കൾക്ക് തയാറാകാൻ ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല ടെലിവിഷൻ അഭിസംബോധനയിലൂടെ മുന്നറിയിപ്പ് നൽകി.

 ഡ്രോൺ ആക്രമണം: 10 മരണം

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. ഇന്നലെ ജബലിയയിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന അൽ - നസ്‌ല സ്കൂളിന് നേരെ ആയിരുന്നു ആക്രമണം. കിഴക്കൻ റാഫയിലുണ്ടായ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,900 കടന്നു.

 ഗാസയിലേക്ക് സഹായം

ഈജിപ്റ്റിൽ നിന്നുള്ള സഹായ ട്രക്കുകൾ വീണ്ടും ഗാസയിലേക്ക് എത്തിത്തുടങ്ങി. തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കേരെം ഷാലോം അതിർത്തി ഇന്നലെ തുറന്നു. ഈ മാസം ആദ്യം റാഫ അതിർത്തി ഇസ്രയേൽ പിടിച്ചെടുത്തതോടെ ഈജിപ്റ്റ് വഴിയുള്ള സഹായ വിതരണം മുടങ്ങിയിരുന്നു. 200 ട്രക്കുകൾ കേരെം ഷാലോമിലേക്ക് നീങ്ങി. നാലെണ്ണം ഗാസ അതിർത്തി കടന്നെന്നാണ് വിവരം.

Advertisement
Advertisement