പെൺകുട്ടിയോട് അസഭ്യം പറഞ്ഞ യുവാവിനെ നാട്ടുകാർ പിടികൂടി, രക്ഷപ്പെടാൻ പെപ്പർ സ്‌പ്രേ പ്രയോഗവും

Monday 27 May 2024 9:50 AM IST

കോട്ടയം: മാതാപിതാക്കൾക്കൊപ്പം നടന്നുവന്ന പെൺകുട്ടിയോട് അസഭ്യം പറഞ്ഞതിന് നാട്ടുകാർ പിടിച്ചുവച്ച യുവാവ് രക്ഷപ്പെടാനായി പെപ്പർ സ്‌പ്രേ പ്രയോഗിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ചങ്ങനാശേരി നഗരമദ്ധ്യത്തിൽ മുനിസിപ്പൽ ആർക്കേ‌ഡിന് മുൻപിലായിരുന്നു സംഭവം.

പെൺകുട്ടിയോട് അസഭ്യം പറഞ്ഞതിനെ തുടർന്ന് സെൻട്രൽ ജംഗ്ഷനിലെ കുറച്ച് വ്യാപാരികളും ഓട്ടോ‌ ഡ്രൈവർമാരുമാണ് പ്രതിയെ പിടിച്ചുവച്ചത്. ഇതിനിടെ രക്ഷപ്പെടാനായി യുവാവ് പെപ്പർ സ്‌പ്രേ പ്രയോഗവും നടത്തി. ഈ സമയം അതുവഴി കടന്നുപോയ ജോബ് മൈക്കിൾ എംഎൽഎ സംഭവസ്ഥലത്തെത്തി വിവരങ്ങൾ മനസിലാക്കിയതിനുശേഷം പൊലീസിനെ വിവരമറിയിച്ചു. എന്നാൽ വൈകിയാണ് പൊലീസെത്തിയത്. രണ്ട് ജീപ്പുകളിലായി എത്തിയ പൊലീസിനെ കൃത്യസമയത്തെത്താതിനെ തുടർന്ന് എംഎൽഎ ശകാരിച്ചു. വ്യാപാരികൾ യുവാവിനെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.