പോർഷെ കാർ അപകടം; 17കാരന്റെ രക്ത സാമ്പിൾ മാറ്റിയ ഫോറൻസിക് മേധാവി ഉൾപ്പെടെ രണ്ട് ഡോക്‌ടർമാർ അറസ്റ്റിൽ

Monday 27 May 2024 11:20 AM IST

മുംബയ്: പൂനെ പോർഷെ കാർ അപകടത്തിൽ പ്രതിയായ 17കാരന്റെ രക്ത പരിശോധനാ റിപ്പോർട്ടിൽ കൃത്രിമത്വം നടത്തിയ രണ്ട് ഡോക്‌ടർമാർ അറസ്റ്റിൽ. പൂനെയിലെ സാസൂൻ ആശുപത്രിയിലെ ഡോക്‌ടർമാരായ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാർണോർ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സർക്കാർ ആശുപത്രിയായ സാസൂനിലെ ഫോറൻസിക് ലാബ് തലവനാണ് ഡോ. തവാഡെ. അറസ്റ്റിന് പിന്നാലെ രണ്ട് ഡോക്‌ടർമാരുടെയും ഫോണുകൾ പിടിച്ചെടുത്തു. അപകടം നടന്ന ദിവസം ഡോ. തവാഡെയും 17കാരന്റെ പിതാവും ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നേരത്തെ 17കാരന്റെ രക്ത പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നായിരുന്നു ഫലം പുറത്തുവന്നത്. എന്നാൽ വിദ്യാർത്ഥി സുഹൃത്തുക്കളുമൊത്ത് ബാറിലിരുന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൃത്യമായ ഫലം ലഭിക്കുന്നതിനായി വെവ്വേറെ സ്ഥലങ്ങളിൽ കുട്ടിയുടെ രക്ത പരിശോധന നടത്തിയതായി പൂനെ പൊലീസ് കമ്മിഷണറും വ്യക്തമാക്കിയിരുന്നു. ആദ്യത്തെ പരിശോധനയിൽ നെഗറ്റീവും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവ് റിപ്പോർട്ടുമാണ് ലഭിച്ചത്. റിപ്പോർട്ടുകളിൽ സംശയമുയർന്നതിനെത്തുടർന്ന് ഡിഎൻഎ പരിശോധന നടത്തി. ഡിഎൻഎ പരിശോധനാ ഫലത്തിൽ രണ്ട് സാമ്പിളുകളും രണ്ട് വ്യക്തികളുടേതാണെന്ന് തെളിയുകയായിരുന്നു. ഇതാണ് പരിശോധനാ ഫലത്തിൽ കൃത്രിമം നടന്നതായി പൊലീസ് സ്ഥിരീകരിക്കാൻ കാരണമായത്.

രണ്ടരക്കോടി രൂപ വിലവരുന്ന പോർഷെ ടയ്കൻ കാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം 200 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചുപായുന്നതിനിടെയാണ് 17കാരൻ കഴിഞ്ഞ മേയ് 19ന് അപകടമുണ്ടാക്കിയത്. 24 വയസ് മാത്രമുള്ള ഐടി ജീവനക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്.

അവധി ആഘോഷിച്ച് പബ്ബിൽ നിന്ന് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന 24 കാരായ എഞ്ചിനീയർമാർ അനീഷും അശ്വിനിയുമാണ് അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനാണ് കേസിലെ പ്രതിയായ 17കാരൻ.

അപകടം നടന്നയുടൻ പ്രദേശവാസികൾ 17കാരനെയും സുഹൃത്തുക്കളെയും പിടികൂടി കൈകാര്യം ചെയ്‌തിരുന്നു. ശേഷം പൊലീസ് അറസ്റ്റ് ചെയ്‌ത് ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിലെത്തിച്ചെങ്കിലും അപകട കാരണം വ്യക്തമാക്കുന്ന 300 വാക്കിലുള്ള ഉപന്യാസം എഴുതുന്നതായിരുന്നു ശിക്ഷ. പിന്നീട് 15 മണിക്കൂറിനകം വിട്ടയച്ചു. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കേസിൽ റിയൽ എസ്‌റ്റേറ്റ് വ്യവസായിയായ, 17കാരന്റെ പിതാവ്, അപകടത്തിൽ കുറ്റം ഏറ്റെടുക്കാൻ ജോലിക്കാരനെ നിർബന്ധിച്ചതിന്റെ പേരിൽ മുത്തച്ഛൻ സുരേന്ദ്ര അഗർവാൾ, 17കാരൻ മദ്യപിച്ച ബാറിലെ രണ്ട് ജീവനക്കാർ എന്നിവർ നേരത്തെ അറസ്റ്റലായിരുന്നു.

Advertisement
Advertisement