30 തികഞ്ഞിട്ടും സിംഗിളാണെങ്കിൽ കുരുമുളകിൽ കുളിപ്പിക്കും, സുഖപ്രസവത്തിന് കനലിൽ നടത്തം, എത്ര 'മനോഹരമായ' ആചാരങ്ങൾ

Monday 27 May 2024 1:03 PM IST

കൗതുകകരവും വിചിത്രവുമായ ആചാരങ്ങളാൽ സമ്പന്നമാണ് ഓരോ നാടും. പുതിയ കാലത്തിന്റെ സവിശേഷതകൾ അടങ്ങിയവയാണ് ചില ആചാരങ്ങളെങ്കിൽ മറ്റ് ചിലവ ആദിമ മനുഷ്യൻ പാലിച്ചുവന്നിരുന്നതുപോലെ ഭയപ്പെടുത്തുന്നവയാകാം. രാജ്യങ്ങളനുസരിച്ച് സംസ്‌കാരങ്ങൾ വ്യത്യാസപ്പെടുന്നു. ചിലപ്പോൾ വിവിധ രാജ്യങ്ങളിൽ ഒരേതരം സംസ്‌കാരവും കാണാനാകും. എന്തായാലും ആരെയും അമ്പരപ്പിക്കുന്ന ചില പ്രത്യേകതരം ആചാരങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.

കറുവപ്പട്ടയും കുരുമുളകും കൊണ്ടൊരു ജന്മദിനാഘോഷം

കേക്ക് മുറിച്ചും പായസവും സദ്യയും നൽകിയും മധുരം വിതരണം ചെയ്‌തും പിറന്നാൾ നാം ആഘോഷിക്കാറുണ്ട്. എന്നാൽ ഓരോ പിറന്നാളിനും കറുവപ്പട്ട പൊടികൊണ്ട് മൂടുന്ന ഒരു പിറന്നാളാഘോഷം കണ്ടിട്ടുണ്ടോ? യൂറോപ്യൻ രാജ്യമായ ‌ഡെന്മാർക്കിലാണിത്. 25 വയസ് തികഞ്ഞാലും കമിതാക്കളില്ലാത്തവർക്ക് നേരെയാണ് കറുവപ്പട്ട പൊടി അഭിഷേകം നടത്തുക. പണ്ടുകാലത്തെ സുഗന്ധവ്യഞ്ജന വ്യാപാരികളുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിശ്വാസമാണ് ഡെന്മാർക്കിൽ ഈ പതിവ് തുടങ്ങാൻ കാരണം. എന്നാൽ 30 വയസായിട്ടും കാമുകനെയോ കാമുകിയെയോ കണ്ടെത്താൻ കഴിയില്ലെങ്കിൽ കഥ മാറും. കറുവപ്പട്ടയോടൊപ്പം കുരുമുളക് പൊടികൂടി ചേർത്താകും പ്രയോഗം. അതുകൊണ്ട് 30 വയസാകുമ്പോൾത്തന്നെ യുവാക്കളിൽ പലരും പങ്കാളികളെ കണ്ടെത്തും.

പൊട്ടിയ പാത്രങ്ങൾ വൃത്തിയാക്കുന്ന വധൂവരന്മാർ

ഒരു യുവാവും യുവതിയും വിവാഹിതരാകാൻ തീരുമാനിച്ചാൽ ഇരുവരുടെയും ബന്ധുക്കൾ ഒരു പാർട്ടി സംഘടിപ്പിക്കും. ഈ പാർട്ടിയിൽ പളുങ്ക് പാത്രങ്ങളും ഫ്ളവ‌ർവെയ്‌സുമെല്ലാം ബന്ധുക്കൾ തകർക്കും. വിവാഹിതരാകാൻ പോകുന്നവർ ഇവയെല്ലാം വൃത്തിയാക്കണം. കഠിനാധ്വാനത്തിന്റെ മഹത്വം അറിയിക്കാനും ഇരുവർക്കുമിടയിൽ ഇഴയടുപ്പവും ഒരുമയുമുണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്.

കനലിന് മുകളിലൂടെ ഭാര്യയെ ചുമന്നൊരു നടത്തം

ചൈനയിലെ വളരെ വ്യത്യസ്‌തമായ ആചാരമാണിത്. ചില ഗോത്രവിഭാഗങ്ങൾ വിവാഹിതരായവരെക്കൊണ്ട് കനലിൽ നടത്തിക്കും. വെറുതെ നടക്കുകയല്ല. ഭാര്യയെ ചുമന്ന് ഭർത്താവ് കനലിലൂടെ നടക്കും.ഇതുവഴി രോഗങ്ങൾ ഇരുവർക്കും ഉണ്ടാകില്ലെന്നും ഭാര്യയ്‌ക്ക് വേദനയില്ലാതെ സുഖപ്രസവം ഉണ്ടാകുമെന്നുമാണ് ഈ ഗോത്ര വിഭാഗങ്ങളുടെ കണക്കുകൂട്ടൽ. ചില ഗോത്രങ്ങൾ ദമ്പതികൾ പുതിയ വീട്ടിലേക്ക് മാറുമ്പോൾ ഇത് ചെയ്യുന്നു. മറ്റ് ചിലർ ഭാര്യ ഗർഭിണിയെന്ന് അറിഞ്ഞാലാണ് ഈ കനൽനടത്തം ചെയ്യുക.

കുഞ്ഞുങ്ങൾക്ക് മുകളിലൂടെ ചാട്ടം

ദുഷ്‌ടശക്തികളിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി വർഷാവർഷം സ്‌പെയിനിൽ നടക്കുന്നൊരു ആഘോഷമാണിത്. കാസ്‌ട്രില്ലോ ഡി മുർസിയ എന്ന സ്‌പാനിഷ് ഗ്രാമത്തിൽ നടക്കുന്ന ഒരു ആചാരമാണ് എൽ കൊളച്ചോ. യെല്ലോ ഡെവിൾസ് എന്ന മഞ്ഞയും ചുവപ്പും വേഷം ധരിച്ച പുരുഷന്മാർ മുഖംമൂടിയും അണിഞ്ഞ ശേഷം കുട്ടികൾക്ക് മുകളിലൂടെ ചാടുന്നു.

തലേവർഷം ജനിച്ച കുഞ്ഞുകുട്ടികളെ പൊതുനിരത്തിൽ തലയിണകൾ നിരത്തി അതിനുമുകളിൽ കിടത്തുന്നു. അതിന് ശേഷമാണ് പുരുഷന്മാർ പ്രത്യേകം വേഷം ധരിച്ച് മുകളിലൂടെ ചാടുന്നത്. ഇങ്ങനെ ചാടി ഓടിയ ശേഷം കുഞ്ഞുങ്ങളുടെ പുറത്ത് റോസാ ഇതളുകൾ തളിക്കുകയും ചെയ്യും. വിവിധ ആചാരങ്ങൾ അനുഷ്‌ഠിക്കുന്നതിലൂടെ സുഖകരമായ ജീവിതമാണ് ഈ നാടുകളിലെല്ലാം പഴമക്കാർ ലക്ഷ്യമിട്ടതെന്ന് കാണാനാകും.

Advertisement
Advertisement