കോടതിയിൽ നാടകീയ രംഗങ്ങൾ; പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ, വനിതാ പൊലീസ് കുഴഞ്ഞുവീണു
ന്യൂഡൽഹി: സ്വാതി മലിവാൾ എംപിയെ മർദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരിക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ എൻ ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്.
സ്വാതിയെ അപകീർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും അവർ പൊട്ടിക്കരഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ഡ്രോയിംഗ് റൂം മനഃപൂർവം സ്വാതി തിരഞ്ഞെടുക്കുകയായിരുന്നു എന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും ബിഭവിന്റെ അഭിഭാഷകൻ പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. അതിനിടെ കനത്ത ചൂടിൽ കോടതിക്കുള്ളിൽ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കയ്‌ക്കിടയാക്കി.
അതേസമയം, തന്നെ വധിക്കുമെന്നും മാനഭംഗപ്പെടുത്തുമെന്നുമുള്ള ഭീഷണികൾ കൂടിയെന്ന് സ്വാതി മലിവാൾ കഴിഞ്ഞ ദിവസം പൊലീസിൽ പരാതിപ്പെട്ടിരുന്നു. യൂ ട്യൂബർ ധ്രുവ് രതി തന്റെ അഭിപ്രായങ്ങൾ മാനിക്കാതെ ഏകപക്ഷീയമായി വീഡിയോ പോസ്റ്റ് ചെയ്തെന്നും അവർ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ സെക്രട്ടറി വൈഭവ് കുമാറിനെതിരെ പരാതി നൽകിയ ശേഷം ആംആദ്‌മി നേതാക്കളും പ്രവർത്തകരും തനിക്കെതിരെ നടത്തുന്ന സ്വഭാവ ഹത്യയുടെ തുടർച്ചയാണ് യൂ ട്യൂബ് വീഡിയോ. വീഡിയോ വന്നതോടെ തനിക്കെതിരെ ഭീഷണികൾ കൂടി. ധ്രുവ് രതി വീഡിയോയിൽ തനിക്ക് പറയാനുള്ളത് ഉൾപ്പെടുത്തിയില്ല. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനെന്ന് അവകാശപ്പെടുന്ന ഒരാൾ ആംആദ്‌മി പാർട്ടി വക്താവിനെ പോലെ പ്രവർത്തിക്കുന്നതും ഇരയായ എന്നെ അപമാനിക്കുന്നതും ലജ്ജാകരമാണ്.
മുഖ്യമന്ത്രിയുടെ വസതിയിൽ തനിക്കെതിരെ നടന്ന സംഭവത്തിൽ ആംആദ്‌മി പാർട്ടി മലക്കം മറിഞ്ഞത്, മർദ്ദനത്തിന്റെ പരിക്കുകൾ വെളിപ്പെടുത്തുന്ന റിപ്പോർട്ട്, സി.സി.ടിവി ദൃശ്യങ്ങളുടെ തിരഞ്ഞെടുത്ത ഭാഗം പുറത്തുവിട്ടത്, പ്രതിയുടെ ഫോൺ ഫോർമാറ്റ് ചെയ്തത്, പ്രതിയെ മുഖ്യമന്ത്രിയുടെ വസതിയിൽ പ്രവേശിപ്പിച്ചത് തുടങ്ങിയവ ധ്രുവ് രതി വീഡിയോയിൽ ഉൾപ്പെടുത്തിയില്ല.
മണിപ്പൂരിലേക്ക് സുരക്ഷയില്ലാതെ ഒറ്റയ്ക്ക് പോയ തന്നെ ബി.ജെ.പിക്ക് എങ്ങനെ സ്വാധീനിക്കാൻ കഴിയും. തന്നെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ആരാണ് ഉത്തരവാദിയെന്ന് ഊഹിക്കാമല്ലോ എന്നും സ്വാതി മലിവാൾ എക്‌സിൽ കുറിച്ചു.