മൂന്ന് വർഷം കഴിഞ്ഞാൽ റേഷൻ കാർഡ് കൊണ്ട് കേരളത്തിൽ ഏറ്റവും നേട്ടമുണ്ടാകുന്നത് അന്യസംസ്ഥാനതൊഴിലാളികൾക്ക്

Monday 27 May 2024 4:27 PM IST

തിരുവനന്തപുരം: ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിലൂടെ രാജ്യത്തെ റേഷൻ കാ‌ർഡുകൾ ഏകീകരിക്കുമ്പോൾ സംസ്ഥാനത്തിന്റെ റേഷൻ വിഹിതം കുറയും. ഒടുവിലത്തെ സെൻസസ് ആസ്പദമാക്കിയാണ് വിഹിതം നിശ്ചയിക്കുക. രാജ്യത്ത് പൊതുവേ ദരിദ്ര വിഭാഗം കുറ‌ഞ്ഞുവെന്നാണ് കണക്ക്. അതിന് ആനുപാതികമായി വിഹിതം കുറയും. അത് കേരളത്തിലും പ്രതിഫലിക്കും. 14.25 ലക്ഷം ടൺ അരിയാണ് കേരളത്തിന് പ്രതിവർഷം ലഭിക്കുന്നത്.

പദ്ധതിയോട് യോജിപ്പാണെങ്കിലും അരിവിഹിതം കുറയ്ക്കുന്നതിലുള്ള എതിർപ്പ് കേരളം അറിയിച്ചിട്ടുണ്ട്. മൂന്നു വർഷംകൊണ്ട് നടപ്പിലാക്കാനാണ് കേന്ദ്ര തീരുമാനം. അതോടെ റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്ത എല്ലാവർക്കും രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാൻ കഴിയും. കേരളം ആധാർ ലിങ്കിംഗ് പൂർത്തിയാക്കിയിരുന്നു.

മുൻഗണനാവിഭാഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകളുടെ വിതരണത്തിലും മാറ്റമുണ്ടാകും. അവ അനുവദിക്കാനും അപേക്ഷകൾ തീർപ്പാക്കാനും കേന്ദ്രത്തിനും അധികാരം ഉണ്ടായിരിക്കും. സ്മാർട്ട് പി. ഡി. എസ് എന്ന ഈ പദ്ധതിയിൽ കാർഡ് അംഗങ്ങളുടെയും റേഷൻ ഇടപാടുകളുടെയും വിവരങ്ങൾ കേന്ദ്ര നിയന്ത്രണത്തിലുള്ള ക്ലൗഡ് സെർവറുകളിലാകും സൂക്ഷിക്കുക. നിലവിൽ കേരളം ഉൾപ്പെടെ ഇവ സ്വന്തമായി സൂക്ഷിക്കുകയാണ് .

ദരിദ്രവിഭാഗത്തിൽപ്പെട്ടവർ എത്ര റേഷൻ വാങ്ങുന്നുവെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് നിരീക്ഷിക്കും. തുടർച്ചയായി വാങ്ങാത്തവരെ ഒഴിവാക്കും. പദ്ധതിയുടെ 60% കേന്ദ്രവും ബാക്കി സംസ്ഥാനവുമാണ് വഹിക്കേണ്ടത്.

അന്യസംസ്ഥാന തൊഴിലാളികൾക്ക് നേട്ടം

സംസ്ഥാനത്ത് കഴിയുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് കേന്ദ്രപദ്ധതി നേട്ടമാകും. അവർക്ക് ഏതു റേഷൻ കടയിൽ നിന്നും വാങ്ങാം. അതിന്റെ അളവ് അനുസരിച്ച് സംസ്ഥാന വിഹിതത്തിൽ വർദ്ധനയുണ്ടാകും.

പ്രശ്നം ഇങ്ങനെ

1. അരി ഉപഭോഗം കൂടിയ കേരളത്തിൽ ഉത്പാദനം കുറവാണ്

2. ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പിലാക്കിയപ്പോൾ 16 ലക്ഷം ടണ്ണിൽ നിന്നു 14.25 ലക്ഷം ടണ്ണായി കുറച്ചിരുന്നു

3.മുൻഗണനാകാർഡുകാരിൽ 98 ശതമാനവും റേഷൻ വാങ്ങുന്നു

Advertisement
Advertisement