വാഴൂരിലെ അങ്കണവാടികളിൽ ഇനി തീയില്ലാതെ പാചകം

Tuesday 28 May 2024 12:29 AM IST

പൊൻകുന്നം : വാഴൂർ ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലും വിറക് അടുപ്പും, ഗ്യാസ് സ്റ്റൗവും ഉപേക്ഷിച്ച് ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായാണ് ഇൻഡക്ഷൻ കുക്കറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തത്. കാർബൺ സന്തുലനാവസ്ഥ നിലനിറുത്തുന്നതിന് ഫോസിൽ ഇന്ധനങ്ങളായ വിറകും ഗ്യാസും ഉപയോഗിച്ചുള്ള പാചകങ്ങൾ പരമാവധി കുറയ്ക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായ ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിൽ വാഴൂരിലാണ് ആദ്യമായി ഇത് നടപ്പാക്കിയത്. പ്രഷർ കുക്കർ ,ഉരുളി, സോസ് പാൻ, മിൽക്ക് കുക്കർ ,റൈസ്‌പോട്ട്, ഇഡലി കുക്കർ എന്നിവയും വിതരണം ചെയ്തു. പാചക ഉപകരണങ്ങൾ എനർജി മാനേജ്‌മെന്ററാണ് ലഭ്യമാക്കിയത്. ഉപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, പി.ജെ.ശോശാമ്മ , ശ്രീകാന്ത്. പി. തങ്കച്ചൻ,​ ആർ. മഞ്ജുള, പി.ജെ. ജലജകുമാരി,​ ഹേന, മിന്റു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement