'നിനക്ക് മസിലില്ലല്ലോ' എന്ന ചോദ്യം തളർത്തിയില്ല; അശ്വതി സ്‌ട്രോംഗ് ആണ്‌, ടെക്കിയിൽ നിന്നും ഫിറ്റ്‌നെസ് കോച്ചിലേക്കുള്ള യാത്ര

Monday 27 May 2024 6:12 PM IST

ശരീരപ്രകൃതത്തിന്റെ പേരിൽ ഒരുപാട് കുത്തുവാക്കുകൾ കേട്ടവരാണോ നിങ്ങൾ? ഇന്നത്തെ കാലത്ത് ഏതൊരു വ്യക്തിയെയും തളർത്താൻ ചിലരുടെ ഈ വാക്കുകൾ മാത്രം മതി. എന്നാൽ ചിലർ അങ്ങനെയല്ല, കേൾക്കുന്ന കുത്തുവാക്കുകളും അധിക്ഷേപങ്ങളും കൈമുതലാക്കി അവർ ജീവിതത്തിൽ വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കും. അങ്ങനെ താൻ നേരിട്ട പ്രതിസന്ധികളെ കൈമുതലാക്കി ഫിറ്റ്‌നെസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ 24കാരി അശ്വതി പ്രഹ്ലാദനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

സോഷ്യൽ മീഡിയയിൽ ഒരു ലക്ഷത്തിൽ കൂടുതൽ ഫോളോവേഴ്സുള്ള അശ്വതി ഇന്ന് തിരക്കുള്ള ഫിറ്റ്‌നെസ് ട്രെയിനറാണ്. ഐടി ജോലി ഉപേക്ഷിച്ച് തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയ അശ്വതി മിസ് കേരള ഫിസിക് ടൈറ്റിൽ വിന്നർ കൂടിയാണ്. ശരീരം മെലിഞ്ഞതിന്റെ പേരിൽ നേരിട്ട ബോഡി ഷെയിമിംഗ് കമന്റുകളാണ് ഇന്ന് കാണുന്ന അശ്വതിയാക്കി മാറ്റിയത്. തന്റെ ഫിറ്റ്‌നെസ് ലോകത്തേക്കുള്ള യാത്രയെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും അശ്വതി കേരള കൗമുദി ഓൺലൈനുമായി പങ്കുവയ്ക്കുന്നു..


ഫിറ്റ്നസിലേക്കുള്ള യാത്ര
ആദ്യമേ ഒരു മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു തനിക്ക്. ഒരുപാട് ബോഡി ഷെയിമിംഗ് അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ട്. എന്തുകൊണ്ടാണ് മെലിഞ്ഞിരിക്കുന്നേ? ഈ ചോദ്യങ്ങൾ ഒരുപാട് കേട്ടിട്ടുണ്ട്. ആ ചോദ്യം കേട്ട് കേട്ട് മതിയായതോടെയാണ് ഫിറ്റ്നസിലേക്ക് കടക്കണമെന്ന ആഗ്രഹം മനസിൽ തോന്നിയത്. പിന്നീട് പതിയെ ശരീരഭാരം വർദ്ധിപ്പിക്കാൻ തുടങ്ങി. എനിക്ക് സ്വയം ഒരു മാറ്റം തോന്നിയ സമയമായിരുന്നു. ജീവിത ശൈലിയിലും ആരോഗ്യത്തിലും മാറ്റമുണ്ടായി. മാനസികാരോഗ്യം മികച്ചതായി. അങ്ങനെ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചതോടെയാണ് ഫിറ്റ്നസ് മേഖലയിൽ തുടരാൻ തീരുമാനിച്ചത്.

'ഒരു പണിയും ചെയ്യാത്ത ആളുകളാണ് ലൈഫിൽ എന്തെങ്കിലും നേടിയെടുക്കാൻ ശ്രമിക്കുന്നവരെ കുറ്റം പറയുന്നത് തോന്നിയിട്ടുണ്ട്. ആദ്യമൊക്കെ ഞാൻ പ്രതികരിക്കാറുണ്ടായിരുന്നു. എന്നാൽ ഫേക്ക് അക്കൗണ്ടുകളുമായി ഒരു ഫോണിന്റെ പിറകിലിരുന്ന് പറയാൻ മാത്രമാണ് ഇവരക്കൊണ്ട് പറ്റുന്നുള്ളൂ'- അശ്വതി പ്രഹ്ളാദൻ

മിസ് കേരള ഫിസിക്ക് പട്ടം ബോഡി ഷെയിമിംഗിന് ഇരയായവർക്ക്
ഒരു പനി വന്ന് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതാണ് ശരീരഭാരം കുറയാനുള്ള പ്രധാന കാരണമായത്. ഒരാൾ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കുന്നുണ്ടാവും. ഓരോരോ പ്രശ്നങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. അത് ചിലപ്പോൾ എല്ലാവരും പുറത്തുപറഞ്ഞ് നടക്കുന്നുണ്ടാവില്ല. പക്ഷേ, പുറത്തുനിന്ന് കാണുന്നവർ അതൊന്നും മനസിലാക്കാതെ ഒരാളെ കാണുമ്പോൾ ഓരോന്ന് വിളിച്ചുപറയുക എന്നത് നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു കാര്യമാണ്. അത് തന്നെയാണ് എന്റെ ജീവിതത്തിലും സംഭവിച്ചുകൊണ്ടിരുന്നത്.

നാട്ടിലുള്ളവർ നമ്മുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് സാധാരണ കാര്യമാണെന്നാണ് കരുതുന്നത്. അങ്ങനെയുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച്, മാനസികമായ സമ്മർദ്ദങ്ങൾക്ക് പിന്നാലെയാണ് ഞാൻ ഈ ഫിറ്റ്നസ് മത്സര രംഗത്തേക്ക് കടന്നുവന്നത്. ബോഡി ഷെയിമിംഗ് കമന്റുകൾ ഞാൻ അവഗണിക്കാൻ തുടങ്ങി, ഞാൻ എന്നെ തന്നെ കൂടുതൽ സ്‌നേഹിക്കാൻ തുടങ്ങി. ഫിറ്റ്നസിലേക്ക് കടന്നുവന്നതോടെ ആ ട്രോമയിൽ നിന്ന് എനിക്ക് തനിയെ പുറത്തുവരാൻ പറ്റി. പക്ഷേ, ആ ട്രോമയിൽ നിന്ന് പുറത്തുവരാൻ പറ്റാതെ ഇപ്പോഴും ഒരുപാട് പേരുണ്ട്. അങ്ങനെയുള്ളവർക്ക് ഞാൻ ഒരു റോൾമോഡലാകണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ എന്റെ കേരള ഫിസിക്ക് പട്ടം ബോഡി ഷെയിമിംഗിന് ഇരയായവർക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തത്.

സോഷ്യൽ മീഡിയയും മോശം കമന്റുകളും

സോഷ്യൽ മീഡിയയിലൂടെ എപ്പോഴും മോശം കമന്റുകൾ മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ കുറച്ചു കാലമായി അതിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. പണ്ട് ഞാൻ അത്ര മസ്‌കുലറായിരുന്നില്ല. ജിം വീഡിയോകൾ ചെയ്തിരുന്ന സമയത്ത് 'നിനക്ക് മസിലില്ലല്ലോ' എന്ന ചോദ്യങ്ങൾ ഒരുപാട് നേരിട്ടിരുന്നു. എറണാകുളത്തെ ഒരു കോമ്പറ്റീഷന് ശേഷമുള്ള റീൽ വൈറലായതോടെയാണ് എന്നെ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആ റീലിൽ മുഴുവനായും മോശം കമന്റുകളായിരുന്നു. അത് എന്റെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു.

ഒരു പണിയും ചെയ്യാത്ത ആളുകളാണ് ലൈഫിൽ എന്തെങ്കിലും നേടിയെടുക്കാൻ ശ്രമിക്കുന്നവരെ കുറ്റം പറയുന്നത് തോന്നിയിട്ടുണ്ട്. ആദ്യമൊക്കെ ഞാൻ പ്രതികരിക്കാറുണ്ടായിരുന്നു. എന്നാൽ ഫേക്ക് അക്കൗണ്ടുകളുമായി ഒരു ഫോണിന്റെ പിറകിലിരുന്ന് പറയാൻ മാത്രമാണ് ഇവരക്കൊണ്ട് പറ്റുന്നുള്ളൂ. ഇത് എന്നെ ബാധിക്കരുതെന്ന മാനസികാവസ്ഥയിലേക്ക് എത്തിയപ്പോഴാണ് ഞാൻ മൈൻഡ് ചെയ്യാതെയായത്. ഒരു പത്ത് കമന്റ് വന്നാൽ അതിൽ ആറ് കമന്റുകളും മോശമായിരുന്നു. എന്നാൽ ഇപ്പോൾ പോസിറ്റീവായ കമന്റുകളും പ്രത്യേക്ഷപ്പെടുന്നുണ്ട്.

സ്ത്രീകളുടെ മനസിലുള്ള പേടി വേണ്ട

ശരീരം പുരുഷന്മാരെപ്പോലെ മസ്‌കുലറാകുമോ എന്ന പേടി കൊണ്ട് വർക്കൗട്ട് ചെയ്യാത്ത സ്ത്രീകളുണ്ട്. മറ്റൊന്ന് വർക്കൗട്ട് ചെയ്ത് ഭാരം കുറച്ച് പിന്നീട് ജിം നിർത്തിയാൽ ഭാരം കൂടുമോ എന്ന പേടിയുള്ളവരുമുണ്ട്. ഇങ്ങനെയുള്ള ഒരുപാട് തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ള സ്ത്രീകളോട് എനിക്ക് പറയാനുള്ളത്, നമ്മുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ വളരെ കുറവാണ്. ടെസ്‌റ്റോസ്റ്റിറോണുണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ശരീരം മസ്‌കുലറായി മാറുകയുള്ളൂ. ഈ തെറ്റിദ്ധാരണകൾ മനസിൽ വച്ച് നല്ലൊരു ജീവിതശൈലിയുണ്ടാക്കുന്ന ജിം ജീവിതത്തിൽ നിന്ന് മാറ്റി നിർത്തരുത്.

കൃത്യമായ വിവരങ്ങൾ മനസിലാക്കി വേണം സ്ട്രംഗ്ത്ത് ട്രെയിനിംഗ് ചെയ്യേണ്ടത്. 30 വയസ് കഴിഞ്ഞാൽ സ്ത്രീകളുടെ ബോൺ ഡെൻസിറ്റി കുറയും മസിൽ നഷ്ടപ്പെടാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. അതുകൊണ്ട് മസിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ആരോഗ്യപരമായി ചെയ്യേണ്ടത്. മസിൽ രൂപപ്പെടുത്തുക എന്നുവച്ചാൽ മസ്‌കുലറാവുക എന്നല്ല. മാനസികാരോഗ്യം അടക്കമുള്ള കാര്യങ്ങൾ ഫിറ്റ്നസിലേക്ക് കടന്നുവന്നാൽ മെച്ചപ്പെടും. അതുകൊണ്ട് തെറ്റിദ്ധാരണകൾ കാരണം ഫിറ്റ്നസിലേക്ക് വരുന്നത് ഒഴിവാക്കരുത്.

A post shared by Aswathy Prahalathan (@a.s.w.a.t.i)

നല്ല അനുഭവങ്ങൾ മാത്രം
ഫിറ്റ്‌നെസിലേക്ക് കടന്നുവന്ന മോശം അനുഭവങ്ങൾ ഒന്നും തന്നെയുണ്ടായിട്ടില്ല. എന്റെ പുറകിൽ ആൾക്കാർ എന്തെങ്കിലും പറയുന്നുണ്ടോ എന്ന കാര്യം എനിക്കറിയില്ല. ഫിറ്റ്‌നെസിലേക്ക് വന്നത് നല്ലൊരു തീരുമാനമാണെന്ന നിലയിലാണ് എല്ലാവരും പ്രതികരിച്ചത്. ആകെയുള്ളത് സോഷ്യൽ മീഡിയയിലൂടെ വരുന്ന അധിക്ഷേപങ്ങൾ മാത്രമാണ്. നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇനി നല്ല അനുഭവം എടുത്തുപറയുകയാണങ്കിൽ, എനിക്ക് എന്റെ സ്‌കിൽ മനസിലാക്കാൻ സാധിച്ചു, എനിക്ക് ആൾക്കാരെ സഹായിക്കാൻ പറ്റുമെന്ന് മനസിലാക്കി. നമ്മുടെ ശരീരത്തെ വേണ്ട രീതിയിൽ ട്രെയിൻ ചെയ്‌തെടുക്കാമെന്ന് മനസിലാക്കി. അങ്ങനെ ഒരുപാട് നല്ല അനുഭവങ്ങളും നേട്ടങ്ങളും എന്റെ ജീവിതത്തിലുണ്ടായി.

ജോലിയും ഫിറ്റ്‌നെസും
ഒന്നര വർഷങ്ങൾക്ക് മുമ്പ് ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന സമയത്ത് ഫിറ്റ്‌നെസും ജോലും ഒന്നിച്ചുകൊണ്ടു പോകാൻ സാധിച്ചിരുന്നു. എന്നാൽ ജോലിയിൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഒമ്പത് മുതൽ പതിനൊന്ന് മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നിരുന്നു. ആ ജോലിക്കിടയിൽ സമയം കണ്ടെത്തി ജിമ്മിൽ പോകുക എന്നത് ബുദ്ധിമുട്ടായിരുന്നു. കുടുംബത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയുണ്ടായിരുന്നു. ഭക്ഷണവും ഡയറ്റും ശ്രദ്ധിക്കാൻ അമ്മ സഹായിച്ചിരുന്നു. എന്നാൽ പ്രൊഫഷനും പാഷനും ഒന്നിച്ചുകൊണ്ടു പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു.

ഫിറ്റ്‌നെസും ന്യൂട്രീഷനും

ഫിറ്റ്‌നെസിൽ ന്യൂട്രീഷൻ എന്നത് ചെലവേറിയ കാര്യമാണ്. അതേസമയം, ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം കൂടിയാണ്. എനിക്ക് ഒരു ജോലിയുള്ളത് കൊണ്ട് എന്റെ പ്രൊഫഷനാണ് പാഷൻ കൊണ്ടു പോകാൻ സഹായിച്ചത്. ജോലിയിൽ നിന്നും ലഭിക്കുന്ന ശമ്പളമാണ് ന്യൂട്യീഷന് വേണ്ടി ചെലവാക്കിയിരുന്നത്. ചില സപ്ലിമെന്റുകൾ എനിക്ക് സ്‌പോൺസറായി ലഭിക്കുമായിരുന്നു. എന്നാൽ അങ്ങനെ ലഭിക്കുന്നവയുടെ ഫ്‌ളേവർ എനിക്ക് പറ്റില്ലായിരുന്നു. 60 ശതമാനം സപ്ലിമെന്റ്സും ഞാൻ തന്നെ വാങ്ങിയതായിരുന്നു. ശമ്പളത്തിൽ നിന്നും ഇത്ര തുക ന്യൂട്രിഷന് വേണ്ടി മാറ്റിവയ്ക്കുമായിരുന്നു.

നേട്ടങ്ങൾ
ഫിറ്റ്നസിലൂടെ ലഭിച്ച ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് എന്റെ ജീവിത ശൈലിയിലുണ്ടായ മാറ്റമാണ്. എനിക്ക് ഞാൻ ആരാണെന്ന് മനസിലായത് ഈ മേഖലയിലേക്ക് വന്നതിന് ശേഷമാണ്. ഞാൻ പാടുമായിരുന്നു ഡാൻസ് ചെയ്യുമായിരുന്നു. ഒരുപാട് മേഖലയിൽ ഞാൻ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ഫിറ്റ്‌നെസാണ് എനിക്ക് മാറ്റമുണ്ടാക്കിയത്. അതൊരു വലിയ നേട്ടമായി ഞാൻ കാണുന്നു. ഒരു വരുമാന സ്രോതസ് ഇതിലൂടെ തുറന്നുകിട്ടി. ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച അശ്വതി ഇന്ന് ഫിറ്റ്‌നെസ് ലോകത്തെ തിരക്കുള്ള ട്രെയിനറാണ്.

Advertisement
Advertisement