തുരുത്തുമ്മ , ചെമ്പ് നിവാസികൾ ഭീതിയിൽ... ആടിയുലഞ്ഞ് വള്ളം യാത്ര, ജങ്കാറിനായി കാത്തിരിപ്പ്

Tuesday 28 May 2024 12:13 AM IST

വൈക്കം : മാനത്ത് കാർമേഘം ഉരുണ്ടുകൂടുമ്പോൾ ഇവർ വള്ളത്തിൽ കയറാൻ ഒന്ന് ഭയപ്പെടും. പക്ഷെ മറുകരയെത്താൻ മറ്റ് മാർഗമില്ലാത്തതിനാൽ ഒരപകടവും വരുത്തരുതേ എന്ന പ്രാർത്ഥനയോടെ വള്ളത്തിൽ യാത്ര തുടരും. ജങ്കാർ സർവീസ് നിലച്ചതോടെ തുരുത്തുമ്മ , ചെമ്പ് നിവാസികളാണ് ഈ ദുരിതം നേരിടുന്നത്. ഭൂമിശാസ്ത്രപരമായി മുവാ​റ്റുപുഴയാറിനാൽ രണ്ടായി വേർതിരിക്കപ്പെട്ട ചെമ്പ് ഭാഗത്തിനും ബ്രഹ്മമംഗലം ഭാഗത്തിനുമിടയിലുള്ള ചെമ്പ് അങ്ങാടിക്കടവിൽ നിന്നാണ് ജങ്കാർ സർവീസുണ്ടായിരുന്നത്. തുരുത്തുമ്മയിൽ നിന്ന് ചെമ്പിലേക്ക് രാവിലെ മിൽമയിലേക്ക് പാലുമായി പോകുന്നവർ, വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർ, വിദ്യാർത്ഥികൾ, ചെമ്പ് മേഖലയിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലേക്ക് വരുന്നവർ എന്നിവരുടെ ഏക ആശ്രയമായിരുന്നു ഇത്. സർക്കാർ ആശുപത്രിയും സ്ഥിതി ചെയ്യുന്നത് മറുകരയിലാണ്. പകർച്ചപ്പനിയടക്കം പടരുമ്പോൾ വള്ളത്തെ ആശ്രയിച്ച് പോകണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ശക്തമായ കാറ്റും മഴയുമുള്ള സമയം ആയതിനാൽ വള്ളത്തിലെ യാത്ര അപകടകരമാണ്. ചെറിയ വള്ളമായതിനാൽ കാറ്റത്ത് ആടിയുലയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു.

കരാർ കാലാവധി അവസാനിച്ചു, ദുരിതം തുടങ്ങി

പഞ്ചായത്തുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെയാണ് ജങ്കാർ സർവീസ് നിലച്ചത്. തുടർന്ന് താത്കാലിക ധാരണയെ തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ സർവീസ് നടത്താൻ തീരുമാനിച്ചെങ്കിലും പല ദിവസങ്ങളിലും നിലയ്ക്കുകയാണ്. അപ്രതീക്ഷിതമായി സർവീസ് നിലയ്ക്കുന്നത് തുരുത്തുമ്മ നിവാസികളുടെ ജോലിയെയും ദൈനംദിന ആവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്. സ്ഥിരമായി സർവീസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തിയിട്ടും അനുകൂലമായിട്ടില്ല.

എളുപ്പമെത്താം പ്രധാന റോഡിലേക്ക്

നിലവിലുള്ള കടത്തിനോടൊപ്പം ചെറുവാഹന ഗതാഗതം സാദ്ധ്യമാക്കും വിധമുള്ള ജങ്കാർ സർവീസ് പ്രദേശവാസികൾക്ക് ഏറെ ഗുണകരമായിരുന്നു. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് എളുപ്പത്തിൽ സംസ്ഥാന ഹൈവേ ആയ ഏറ്റുമാനൂർ - എറണാകുളം റോഡിലേക്കും പ്രവേശിക്കാനാകും. കർഷക - മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് ജങ്കാറിനെയാണ്.

സർവീസ് കരാർ തീർന്നത് : മാർച്ച് 31

''പഞ്ചായത്ത് കമ്മിറ്റി ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അടിയന്തരമായി സ്ഥിരം ജങ്കാർ സർവീസ് ഏർപ്പെടുത്തണം. അല്ലാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കും.

-കെ.കെ.കൃഷ്ണകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്

Advertisement
Advertisement