ആറൻമുളയിലെ അനാസ്ഥ...!

Tuesday 28 May 2024 12:33 AM IST

റൻമുള പാർത്ഥസാരഥി ക്ഷേത്രം അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ്. നമ്മാഴ്വരുടെ തിരുവായ് മൊഴിയിൽ നിന്ന് രേഖപ്പെടുത്തപ്പെട്ട വിവരങ്ങളനുസരിച്ച് എട്ടാം നൂറ്റാണ്ടിന് മുൻപ് മുതൽ ക്ഷേത്രം നിലനിന്നതായി വിശ്വസിക്കപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രചിച്ച ആറൻമുള വിലാസം ഹംസപ്പാട്ടിൽ ആറൻമുള ക്ഷേത്രത്തെക്കുറിച്ച് ഐതീഹ്യമുണ്ട്. ചെറുകോൽ സ്വദേശിയും തിരുവാറൻമുളയപ്പന്റെ ഭക്തനുമായിരുന്ന നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാനാണ് ആറൻമുള വിലാസം ഹംസപ്പാട്ട് രചിച്ചത്. ചടങ്ങുകളിലും വഴിപാടുകളിലും ഒട്ടേറെ വൈവിദ്ധ്യങ്ങളുള്ളതാണ് നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കുന്ന ആറൻമുള ക്ഷേത്രം. അലങ്കരിച്ച അമരപ്പൊക്കത്തോടുള്ള പള്ളിയോടങ്ങളിൽ ഭഗവാൻ ശ്രീകൃഷ്ണൻ കരക്കാർക്കൊപ്പം എഴുന്നള്ളുന്നു. ആറൻമുള വള്ളസദ്യയും ഉതൃട്ടാതി ജലോത്സവവും ലോകപ്രശസ്തമാണ്. പ്രസിദ്ധമായ ആറൻമുള കണ്ണാടി നിർമ്മാണം ആറൻമുളയിലാണ്. ക്ഷേത്രം നിർമ്മിക്കാനെത്തിയവരുടെ പരമ്പരയിൽ പെട്ടവരാണ് കണ്ണാടി നിർമ്മാണത്തിലേർപ്പെടുന്നത്. ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ പൈതൃക ഗ്രാമമാണ് ആറൻമുള. ആറൻമുളയുടെ അകംചേരിയും പുറംചേരുയുമൊക്കെ ചേർന്ന് അൻപത്തിയാറ് കരകളുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇപ്പോൾ അൻപത്തിമൂന്ന് കരക്കാർ വരെ ജലോത്സവങ്ങളിൽ പങ്കെടുക്കുന്നു. ആറൻമുളക്കാരുടെ സംസ്കാരവും ജീവിതരീയുമൊക്കെ ഇഴുകിച്ചേർന്നതാണ് ക്ഷേത്രം.

വലിയ തോതിൽ ഭക്തരെത്തുന്ന ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ്. ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ആറൻമുള ക്ഷേത്രം. ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി സൂക്ഷിക്കുന്നതും തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്നതും ആറൻമുളയിൽ നിന്നാണ്.

  • സംരക്ഷണമില്ല

പൗരാണികമായ ഈ ക്ഷേത്രം വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. പടിഞ്ഞാറേ ഗോപുരനട ഇടിഞ്ഞു വീണത് പൊളിച്ചു പണി തുടങ്ങിയിട്ട് അധികം കാലമായില്ല. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ ഗോപുരനടയും ഊട്ടുപുരയും അപകടാവസ്ഥയിലായി. കഴിഞ്ഞയാഴ്ചയാണ് ഊട്ടുപുരയുടെയും ഗോപുര നടയുടെയും ഇടയിലുള്ള മതിൽക്കെട്ട് ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസത്തെ മഴയിൽ ഊട്ടുപുരയുടെ ഒരു ഭാഗവും ഗോപുരത്തോടു ചേർന്നുള്ള ഭിത്തികളുടെ കൂടുതൽ ഭാഗങ്ങളും ഇടിഞ്ഞു. ഈ ഭാഗത്തെ മതിലുകൾ ബലപ്പെടുത്തി പുനർനിർമ്മിച്ചില്ലെങ്കിൽ ഏതു നിമിഷവും ഗോപുരവും രണ്ടു നിലകളിലായി തടിയിൽ നിർമ്മിച്ചിട്ടുള്ള ഊട്ടുപുരയും തകർന്നുവീഴുമെന്ന സ്ഥിതിയിലാണ്.

കാലങ്ങളായി അറ്റകുറ്റപ്പണികൾ ശരിയാംവണ്ണം നടത്താതിരിക്കുകയും കഴിഞ്ഞ പ്രളയകാലത്ത് മതിലിന്റെ പൊക്കത്തിൽ വെള്ളം ഉയരുകയും ചെയ്തത് ചുറ്റുമതിലുകൾക്കും ഗോപുരങ്ങൾക്കും ബലക്ഷയം സംഭവിക്കാൻ കാരണമായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നിർമ്മിതികൾ സംരക്ഷിച്ചു നിർത്താൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ താല്പര്യം കാണിക്കാത്തതാണ് ഇപ്പോഴത്തെ തകർച്ചയ്ക്കു കാരണമെന്ന് ഭക്തജനങ്ങൾ പറയുന്നു.

വേണ്ടത്

സമയബന്ധിതമായ

അറ്റകുറ്റപ്പണി
സമയബന്ധിതതമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം തകർന്ന പടിഞ്ഞാറെ ഗോപുരനട പുനർ നിർമ്മിക്കാൻ ആരംഭിച്ചത് ഭക്തരുടെ പ്രതിഷേധം ശക്തമായപ്പോഴാണ്.
നിലവിൽ കിഴക്കേ ഗോപുരവും അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ടിട്ട് മൂന്നു മാസം പിന്നിട്ടു. ഗോപുരത്തിന്റെ മോശമായ പട്ടികകൾ മാറ്റി പുതിയ ഓടുകൾ പാകുന്ന പണികളാണ് നടത്തുന്നത്. ഇവിടെ ടാർപോളിൻ ഷീറ്റുകൾ വിരിച്ചിട്ടുണ്ടെങ്കിലും മഴ ശക്തമായതോടെ ഗോപുരം ചോർന്നൊലിക്കുകയാണ്. വെള്ളം വീണ് ഗോപുരത്തിലെ തടി ഉരുപ്പടികൾ ദ്രവിക്കാനും സാദ്ധ്യതയുണ്ട്. കിഴക്കേ ഗോപുരത്തിന്റെ തെക്കുഭാഗത്തെ മതിലും അപകടാവസ്ഥലായിട്ട് കാലങ്ങളായി.

ദേവസ്വം ബോർഡിന് ക്ഷേത്രത്തിലെ വരുമാനത്തിൽ മാത്രമാണ് നോട്ടം. ക്ഷേത്ര പരിപാലനവും ചുറ്റുമതിൽ സംരക്ഷണവും ഗോപുര നടകളുടെ സംരക്ഷണവും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടാണ് ദേവസ്വം ഉദ്യോഗസ്ഥർക്ക‌ുള്ളത്. പുതിയ നിർമ്മിതികൾ നടത്തുന്നതിന് താൽപര്യം കാണിക്കുന്ന ഉദ്യോഗസ്ഥർ പ്രാചീനമായ നിർമ്മിതികളെ അവഗണിക്കുകയാണ്.

ഭൂനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന ക്ഷേത്രവും വിശാലമായ തിരുമുറ്റവുമാണ് ആറന്മുള ക്ഷേത്രത്തിന്റെ പ്രത്യേകത. നാലു വശത്തും ഗോപുര നടകളോടുകൂടിയ പതിനെട്ട് കൽപ്പടവുകൾ കയറിയാണ് ക്ഷേത്രമുറ്റത്തേക്ക് ആളുകൾ എത്തുന്നത്. പ്രളയകാലത്ത് നാട് വെള്ളത്തിൽ മുങ്ങിയപ്പോൾ ജനം ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത്.

പ്രളയത്തിൽ ക്ഷേത്രത്തിന്റെ മതിലുകൾക്ക് കാര്യമായ ബലക്ഷയം ഉണ്ടായതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പിനെ ദേവസ്വം ബോർഡ് അവഗണിച്ചതാണ് മതിൽക്കെട്ടുകൾ ഇടിഞ്ഞു വീഴാൻ പ്രധാന കാരണം. ക്ഷേത്ര മതിലിനുള്ളിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും മറ്റൊരു കാരണമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി പണം ലഭിച്ചപ്പോൾ അടിയന്തരമായി വേണ്ട അറ്റകുറ്റപ്പണികൾ നടത്താതെ ക്ഷേത്ര മതിലിനുള്ളിൽ സദ്യാലയങ്ങൾ പണിയുന്നതിനാണ് പണം ഉപയോഗിച്ചത്.

വള്ളസദ്യ കാലയളവിലും മണ്ഡല മകരവിളക്ക് കാലത്തും ആറന്മുള ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് കാണിക്ക ഇനത്തിലും വഴിപാടുകളിലൂടെയും ലഭിക്കുന്നത്. എന്നിട്ടും ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ ബലക്ഷയമുള്ള ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിനോ ദേവസ്വം ബോർഡ് തയ്യാറാകുന്നില്ലെന്നാണ് ഭക്തജനങ്ങളുടെ ആക്ഷേപം.

  • ബോർഡിന്റെ കീശ വീർക്കുന്നു

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ പല ക്ഷേത്രങ്ങളിലും പുനർനിർമ്മാണവും അറ്റകുറ്റപ്പണികളും നടത്തുന്നത് ഭക്തർ നേരിട്ട് പിരിവെടുത്താണ്. എല്ലാ നിർമ്മാണങ്ങളും നടത്തി വരുമാനം വർദ്ധിക്കുമ്പോൾ ദേവസ്വം ബോർഡ് അതു കൈകാര്യം ചെയ്യും. ക്ഷേത്ര വരുമാനം ദേവസ്വം ബോർഡ് കയ്യാളുകയും ദൈനംദിന പ്രവർത്തനങ്ങളുടെ ഭാരം ഉപദേശക സമിതികളെ ഏൽപ്പിക്കുകയുമാണ് ചെയ്യുന്നത്. കൈ നനയാതെ മീൻ പിടിക്കുന്ന ഈ രീതി വർഷങ്ങളായി തുടരുന്നു. ബോർഡിന്റെ കീശ വീർക്കുമ്പോൾ ക്ഷേത്രങ്ങൾ ജീർണിക്കുന്നു. ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ദേവസ്വം ബോർഡ് വീഴ്ച കാട്ടുന്നതുകൊണ്ടും വരുമാനത്തിൽ മാത്രം കണ്ണു വയ്ക്കുന്നതുകൊണ്ടും ബോർഡിൽ പുതിയ ക്ഷേത്രങ്ങൾ ഉൾപ്പെടുന്നില്ല. ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾ വിട്ടുകൊടുക്കാൻ ഭക്തജനങ്ങൾ മടിക്കുകയാണ്. വൻ വരുമാനം ലഭിക്കുന്ന ശബരിമല പോലുള്ള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് അടിസ്ഥാന സൗകര്യം പോലും ലഭിക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്.

Advertisement
Advertisement