പ്രവചനങ്ങളെ കാറ്റിൽപ്പറത്തുന്ന മഴ

Tuesday 28 May 2024 12:33 AM IST

കേരളത്തിലെ കാലാവസ്ഥ അടുത്ത കാലങ്ങളിലായി പ്രവചിക്കാനാവാത്ത നിലയിലാണെന്ന് അറിയാത്തവരില്ല. രണ്ടോ മൂന്നോ ദിവസം മുൻപത്തെ കലാവസ്ഥാ പ്രവചനം പോലും പാളുകയാണ്. ഒരാഴ്ച മുൻപ് തൃശൂരിലുണ്ടായ മഴ 2018 ലെ പ്രളയത്തേക്കാൾ ഗുരുതരമായ സ്ഥിതിയാണ് നഗരത്തിലുണ്ടാക്കിയത്. കനത്തമഴയിൽ നഗരമദ്ധ്യത്തിലുളള അശ്വിനി ആശുപത്രിയിലെ അത്യാഹിത വിഭാഗം മുങ്ങി.

രണ്ടു മണിക്കൂർ പെയ്ത മഴയിലാണ് കാനകൾ നിറഞ്ഞ് അശ്വിനി ജംഗ്ഷൻ, ഇക്കണ്ടവാരിയ‌ർ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വെള്ളം ഉയർന്നത്. അശ്വിനിയിലെ അത്യാഹിത വിഭാഗവും മിനി ഐ.സി.യു ഉൾപ്പെടുന്ന താഴത്തെ നിലയിൽ അരയാൾ പൊക്കത്തിൽ വെള്ളം ഉയർന്നു. അഞ്ച് രോഗികളെ മുകളിലെ നിലയിലേക്ക് മാറ്റി. ആശുപത്രിയുടെ സമീപത്തെ ഓട അടഞ്ഞതായിരുന്നു വെള്ളക്കെട്ടിന് കാരണം. രാവിലെ മഴ ശമിച്ചപ്പോൾ വെള്ളം ഇറങ്ങിയെങ്കിലും പെട്ടെന്ന് ചെളി നീക്കാനായില്ല. മഴക്കാല പൂർവ ശുചീകരണം നടത്തിയില്ലെന്ന് ആരോപിച്ച് മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ കോർപറേഷനിലേക്ക് കുളവാഴയുമായി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു.

യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ വൃത്തിയാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് കളക്ടറുടെ നിർദേശവുമുണ്ടായി. തുടർന്ന്, കാനകൾ വൃത്തിയാക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. മേഘവിസ്‌ഫോടനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയ്ക്ക് സമാനമായ പെയ്ത്തായിരുന്നു അത്. അത്തരം പേമാരി ഇനിയുമുണ്ടാകാമെന്നും പെട്ടെന്നുള്ള അതിശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുമെന്നും കാലാവസ്ഥാ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വേനൽമഴയിലും തുലാമഴയിലും ഉണ്ടാകാറുള്ള ആഞ്ഞടിക്കുന്ന കാറ്റാണ് കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലുണ്ടായത്. പ്രത്യേക മേഖലകളിലെ ഇടിമേഘങ്ങൾ അതിതീവ്ര മഴ പെയ്യിക്കുമ്പോൾ കാറ്റും ശക്തമാകുകയായിരുന്നു. കഴിഞ്ഞ കുറെക്കാലമായി പുത്തൂർ, കല്ലൂർ ഭാഗങ്ങളിൽ കാറ്റുവീശി മരങ്ങൾ കടപുഴകിയതും ഇത്തരം സാദ്ധ്യത കൊണ്ടാണ്. നഗരത്തിലും കാറ്റ് ശക്തമായി. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ മിന്നൽച്ചുഴലിയുമാണ് പെട്ടെന്നുള്ള അതിതീവ്രമഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുമ്പോഴും ഇനി മഴ എങ്ങനെ വഴിമാറുമെന്ന് കൃത്യമായി പ്രവചിക്കാനാവുന്നില്ല.

എപ്പോൾ വേണമെങ്കിലും വീഴുന്ന മരങ്ങൾ

ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ നിരവധിയിടങ്ങളിലാണ് വൻമരങ്ങൾ കടപുഴകി വീണത്. കഴിഞ്ഞദിവസം ജനറൽ ആശുപത്രിക്ക് സമീപം കോളേജ് റോഡിലാണ് രാവിലെ മരം വീണത്. മരത്തിനടിയിൽപ്പെട്ട് ഗുഡ്‌സ് ഓട്ടോ തകർന്നു. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. മരം വീഴുന്നതിന് തൊട്ടു മുമ്പ് നിറയെ യാത്രക്കാരുമായി ബസും ഇതുവഴി കടന്നിരുന്നു. തൃശൂർ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റി. പടിഞ്ഞാറെക്കോട്ടയിലും വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണു. അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റി. കഴിഞ്ഞദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണു. കളക്ടറേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് വെസ്റ്റ് സ്റ്റേഷന്റെ മതിലും സമീപത്തെ കെട്ടിടവും തകർന്നു. ചേറ്റുപുഴ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. മരങ്ങളുടെ കാലപ്പഴക്കമല്ല ഇതിനു കാരണം. കാറ്റിന്റെ ശക്തിയും ചുഴലിക്കാറ്റിന് സമാനമായ സ്വഭാവവുമാണ്. ചരിത്ര പ്രാധാന്യമുള്ള വിദ്യാർത്ഥി കോർണറും കനത്ത മഴയിൽ ഇടിഞ്ഞുവീണു.

മേഘവിസ്ഫോടനങ്ങൾ തുടരുമ്പോൾ...

മുൻകാലങ്ങളിലും തൃശൂരിൽ മേഘവിസ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഈ വർഷം ഒരിക്കലും പ്രതീക്ഷിക്കാതെ വീണ്ടും മേഘവിസ്ഫോടനമുണ്ടായെന്നാണ് കാലാവസ്ഥാനിരീക്ഷകർ കരുതുന്നത്. വളരെ ചെറിയ സമയത്തിനുളളിൽ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന ശക്തമായ മഴയാണിത്. 150 മില്ലി മീറ്ററോളം മഴയാണ് കഴിഞ്ഞ ദിവസം തൃശൂരിലെ ഏനാമാക്കലും കൊടുങ്ങല്ലൂരുമുണ്ടായത്. എന്നാൽ തൃശൂർ നഗരത്തിൽ ഇതിലേറെ പെയ്തിരിക്കാമെന്നാണ് നിഗമനം. മഴമാപിനി നഗരത്തിൽ ഇല്ലാത്തതിനാൽ മഴയുടെ കൃത്യമായ അളവ് ലഭ്യമല്ല. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനമുണ്ടാക്കുന്നത്.

അതേസമയം, കിണറുകൾ ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് ഭൂജലവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശബ്ദം, തിരയിളക്കം ഉണ്ടായാൽ അറിയിക്കണമെന്നും കാലവർഷത്തോട് അനുബന്ധിച്ച് കാലപ്പഴക്കമുള്ള തുറന്ന കിണറുകൾ, വയൽ പ്രദേശങ്ങളിൽ നിർമിച്ച തുറന്ന കിണറുകൾ എന്നിവ ഇടിഞ്ഞു പോകാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ഇത്തരം കിണറുകളിൽ നിന്നും ദൂരം പാലിക്കണമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ പറയുന്നു. കിണറുകളിൽ നിന്ന് ശബ്ദം, തിരയിളക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിവരം അറിയിക്കണമെന്നും ഇത്തരം കിണറുകൾക്ക് ചുറ്റും ചെറിയ ബഫർ സോൺ, ഫെൻസിംഗ് എന്നിവ നിർമിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഭൂചലനവും ചുഴലിക്കാറ്റും മേഘവിസ്ഫോടനങ്ങളുമെല്ലാം മുൻകാലങ്ങളിൽ അന്യസംസ്ഥാനങ്ങളിലാണ് കേട്ടിട്ടുളളതെങ്കിൽ ഇപ്പോൾ കേരളത്തിനും അത് ശീലമാകുകയാണ്.

വേനൽ ചൂടിലും നഷ്ടം

മഴയ്ക്ക് പുറമെ കേരളത്തിൽ കഴിഞ്ഞമാസം ഉണ്ടായ ചൂടും കാർഷികമേഖലയെ തകർക്കുന്നതായിരുന്നെന്ന് കഴിഞ്ഞ മാസങ്ങളിൽ അത് അനുഭവിച്ചറിഞ്ഞു. വേനൽച്ചൂടിൽ, നെല്ലുത്പാദനത്തിൽ മാത്രം 150 കോടിയിലേറെ നഷ്ടമാണുണ്ടായത്. പുതിയ കൃഷി ആരംഭിക്കും മുമ്പായി മാന്യമായ നഷ്ടപരിഹാരം ലഭ്യമായില്ലെങ്കിൽ മുന്നോട്ടു പോകാനാവില്ലെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

ബാങ്കിൽ നിന്നും സ്വകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പയെടുത്ത കൃഷിക്കാർ കൂടുതൽ ദുരിതമനുഭവിക്കുകയാണ്. എന്നാൽ അതേസമയം നഷ്ടക്കണക്ക് കൃഷിവകുപ്പ് പുറത്തുവിടാതെയും അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാതെയും കർഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ്. കോൾമേഖലയിലാണ് നഷ്ടം ഗുരുതരം. മുഖ്യമായി വൈക്കോൽ മാത്രം ആശ്രയിക്കുന്ന നാട്ടിൻപുറങ്ങളിലെ ക്ഷീരകർഷകരും സാമ്പത്തിക പ്രതിസന്ധിയിലാണ്. നെല്ലും വൈക്കോലും ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെട്ട ആയിരക്കണക്കിന് കർഷകരുണ്ട്. കൊയ്‌തെടുത്താൽ കൊയ്ത്ത് കൂലി പോലും ലഭിക്കാത്ത പാടശേഖരങ്ങൾ കത്തിച്ചുകളയാൻ പോലും നിർബന്ധിതരായി. ചണ്ടും പതിരും മാത്രമുണ്ടായിരുന്ന പാടങ്ങളും നിരവധിയായിരുന്നു. അതെ, ഇവിടെ കർഷകന് ജീവിതം അസാദ്ധ്യമാകുന്ന തരത്തിലേക്കാണ് കാലത്തിന്റെ പോക്ക്.

Advertisement
Advertisement