കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ : 85 പേർ ചികിത്സയിൽ (അപ്ഡേറ്റഡ്)

Tuesday 28 May 2024 1:47 AM IST

പെരിഞ്ഞനം(തൃശൂർ): പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. 85 ഓളം പേർ ചികിത്സയിൽ. പനിയും വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികൾ ഉൾപ്പെടെ 85 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം സെന്ററിന് വടക്ക് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നും അൽഫാം, കുഴിമന്തി അടക്കമുള്ള ഭക്ഷണം വാങ്ങി കഴിച്ചവരാണ് ആശുപത്രിയിലായത്. കൂടുതലും പാഴ്‌സൽ വാങ്ങിക്കൊണ്ടുപോയവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.
ഭക്ഷണം കഴിച്ച് അർദ്ധരാത്രിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ പെരിഞ്ഞനം സാമൂഹിക ആരോഗ്യകേന്ദ്രം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതിയകാവ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു പലരും. കുട്ടികളടക്കം പലരും ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെയും പലരും ചികിത്സ തേടിയെത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫുഡ് സേഫ്ടി വിഭാഗവും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. ഹോട്ടൽ അടപ്പിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൾ നാസർ, പെരിഞ്ഞനം ഹെൽത്ത് സൂപ്പർവൈസർ വി.എസ്.രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisement
Advertisement