എ.ടി.എം കവർച്ച വിഫലമാക്കിയത് ചെറുപുഴ പൊലീസിന്റെ ഇടപെടൽ

Tuesday 28 May 2024 1:09 AM IST

മാതമംഗലം: വെള്ളോറ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിലെ കവർച്ചാശ്രമം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമായി. പെരിങ്ങോം പൊലീസാണ് കേസന്വേഷിക്കുന്നത്. എ.ടി.എം കവർച്ച തടഞ്ഞത് ചെറുപുഴ പൊലീസിന്റെ ഇടപെടലാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. മേയ് 23ന് പുലർച്ചെ 1.15 നാണ് എ.ടി.എം കവർച്ചാശ്രമം നടന്നത്.

1.40ന് ഇത് സംബന്ധിച്ച് ഡൽഹിയിലെ ബാങ്ക് കൺട്രോൾ റൂമിൽ നിന്നും ചെറുപഴ എസ്.ഐ മനോജിന് വിവരം ലഭിച്ചു. ഈ സമയം പ്രാപ്പൊയിലിൽ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം ഉടൻ അങ്ങോട്ടേക്ക് തിരിച്ചു. അതിന് മുമ്പേ തന്നെ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വെള്ളോറയിലെ നാരായണനെ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് മുഖേന ബന്ധപ്പെട്ട് അങ്ങോട്ടേക്ക് അയക്കുകയും ചെയ്തു. ദൂരെ നിന്ന് ടോർച്ച് തെളിക്കാൻ മാത്രമായിരുന്നു അദ്ദേഹത്തിനുള്ള നിർദ്ദേശം.

നാരായണനും ഭാര്യയും ഉടനെ തന്നെ വീടിന് സമീപത്തെ എ.ടി.എമ്മിന് സമീപത്തെത്തി ടോർച്ച് തെളിച്ചതോടെയാണ് മോഷണം ഉപേക്ഷിച്ച് കള്ളൻ ഓടിരക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പായി മോഷണം നടത്തി രക്ഷപ്പെടാനുള്ള കള്ളന്റെ നീക്കം തകർക്കാൻ സാധിച്ചു. ചെറുപുഴ പൊലീസും പെരിങ്ങോം പൊലീസും അധികം വൈകാതെ സ്ഥലത്തെത്തുകയും ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഉന്നതർ എസ്.ഐ മനോജിനെ ബന്ധപ്പെട്ട് നന്ദി അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement