മോഷണം പെരുകുന്നു, കള്ളൻ കാണാമറയത്ത്

Tuesday 28 May 2024 12:15 AM IST

കോട്ടയം : ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധിയിടങ്ങളിലാണ് മോഷണം നടന്നത്. മഴക്കാല മോഷണത്തിൽ പ്രത്യേക വിരുതുനേടിയവരാണ് ഇതിന് പിന്നിലെന്നാണ് സൂചന.

ഇന്നലെ കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നടന്ന മോഷണമാണ് അവസാനത്തേത്. മങ്കി ക്യാപ് ധരിച്ച മോഷ്ടാവിന്റെ ചിത്രം

സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഓരോ കടകളിൽ നിന്ന് 3000 മുതൽ 5000 രൂപ വരെയാണ് നഷ്ടപ്പെട്ടത്. ഫാക്ടറി സെയിൽ, ഫാഷൻ പാർക്ക്, ഷെയ്ക്ക് മാജിക്, കൃഷ്ണ മെഡിക്കൽസ്, പെറ്റൽസ്, ഇ.എം. ബ്രോയ്ഡറി വർക്ക്‌സ് എന്നീ കടകളിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ നിരവധിയിടങ്ങളിൽ മോഷണം നടന്നിരുന്നു. ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറുന്നതിനിടെ രണ്ട് പേരെ അയർക്കുന്നത്തുനിന്ന് പിടികൂടിയത് കഴിഞ്ഞ ആഴ്ചയാണ്. കനത്ത മഴയിൽ രാത്രി വീടിന്റെ ജനാലയോ വാതിലോ പൊളിക്കുന്ന ശബ്ദം വീട്ടുകാർ അറിയില്ല. പള്ളികളുടെയും അമ്പലങ്ങളുടെയും കാണിക്കവഞ്ചി തകർക്കുന്ന സംഭവവും തുടർക്കഥയാണ്.

 പേടിക്കണം തിരുട്ടുഗ്രാമക്കാരെ

മഴക്കാലത്ത് പതിവായി എത്തുന്ന കുപ്രസിദ്ധ മോഷണസംഘമായ തിരുട്ടു ഗ്രാമക്കാരെക്കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിൽ മഴസമയത്ത് തിരുട്ടുഗ്രാമക്കാരെത്തിയതാണ് ജാഗ്രതാ നിർദേശത്തിന് പിന്നിൽ. വീട് തകർത്ത് ആക്രമിച്ച് മോഷണം നടത്തുന്ന സ്വഭാവക്കാരായതിനാൽ കരുതൽ വേണമെന്നാണ് നിർദ്ദേശം.

പൊലീസ് നിർദ്ദേശം
കമ്പിപ്പാര, പിക്കാസ് മുതലായവ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക

വീടുപൂട്ടി പുറത്തുപോകുന്നത് കൂടുതൽ ദിവസം നീണ്ടാൽ അറിയിക്കണം
പത്രം, പാൽ, തപാൽ എന്നിവ നൽകേണ്ടതില്ലെന്ന് നിർദ്ദേശിക്കണം
പകൽ വീട്ടിലെ ലൈറ്റ് കത്തിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ജനമൈത്രി ബീറ്റ് ഓഫീസറിന്റെ ഫോൺ നമ്പർ സേവ് ചെയ്ത് സൂക്ഷിക്കണം

'' പട്രോളിംഗ് ശക്തമാക്കും. ടാക്സി, ഹോട്ടൽ, റസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം ഉടൻ വിളിക്കും. അപരിചതരെ കണ്ടാൽ പൊലീസിനെ അറിയിക്കണം

'' കെ.കാർത്തിക്, ജില്ലാ പൊലീസ് മേധാവി

Advertisement
Advertisement