അറസ്റ്റിലായ ആൾദൈവത്തെ രാജസ്ഥാനിലേക്ക് കൊണ്ടുപോയി

Tuesday 28 May 2024 1:24 AM IST

എടക്കര: ട്രസ്റ്റിന്റെ മറവിൽ കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ചൂരക്കണ്ടി രമേശ് സ്വാമി ആൾദൈവത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. ചുങ്കത്തറ പൂക്കോട്ടുമണ്ണ ചൂരക്കണ്ടിയിലെ ആൾദൈവമായ സിഎസ് രമേശ് (48) നെയാണ് രാജസ്ഥാനിലെ ജയ്പൂർ രാംഗഞ്ച് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പോത്ത്കല്ല് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതറിഞ്ഞതോടെ മോഹാലസ്യപ്പെട്ട് വീണതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി ഡിസ്ചാർജിന് ശേഷം മലപ്പുറം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വെച്ചു. ഞായർ രാവിലെ 10 ന് മലപ്പുറം ജൂഡീഷ്യൻ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുസാകെ ഹാജരാക്കി. തുടർന്നാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത രാജസ്ഥാനിലേക്ക് കൊണ്ട് പോയത്. 2023 ൽ ആരംഭിച്ച ബാങ്ക് അക്കൗണ്ട് ആണിത്. മുമ്പ് രണ്ട് തവണ രാജസ്ഥാൻ പോലീസ് മലപ്പുറം ജില്ലയിലെത്തി ഹാജരാവാൻ നോട്ടീസ് നൽകിയെങ്കിലും രമേശ് സ്വാമി ഹാജരാകാൻ തയ്യാറായില്ലെന്ന് രാജസ്ഥാൻ പൊലീസ് പറഞ്ഞു. തട്ടിപ്പിൽ രണ്ട് മലപ്പുറം ജില്ലക്കാരും, കോഴിക്കോട് ജില്ലയിലെ ഒരാളും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലാണ് 12 കോടിയോളം രൂപ വിവിധ തട്ടിപ്പു സംഘങ്ങൾ വിനിയോഗിച്ചത്. ഈ തുകയെല്ലാം പോയിരിക്കുന്നത് രമേശ് സ്വാമി രൂപീകരിച്ച ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ്. സംഭവത്തിൽ ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisement
Advertisement