ദാതാക്കളും വില്ലന്മാ‌ർ!

Tuesday 28 May 2024 12:11 AM IST

അടിയന്തര വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടുന്ന കൊല്ലം സ്വദേശിയെ തേടി സ്വന്തം വൃക്ക ദാനം ചെയ്യാൻ സന്നദ്ധനായി അയാളെത്തിയപ്പോൾ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും വലിയ സന്തോഷം. വൃക്ക ചേരുമെന്നു കണ്ടെത്തിയതോടെ,​ മരണത്തെ മുഖാമുഖം കണ്ട് ചികിത്സയിൽ കഴിയുന്ന നിർദ്ധന കുടുംബത്തിന്റെ ഏക അത്താണി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്ക് ചിറകുവച്ചു. വൈകാതെ ശസ്ത്രക്രിയയ്ക്ക് തീയതി കുറിച്ചു. ഇതിനിടെ കടം വീട്ടാനുണ്ടെന്നും, മൂന്നുലക്ഷം രൂപ കടമായി നൽകുമോയെന്നും "നല്ലവനായ ദാതാവ്" കുടുംബത്തോട് ആരാഞ്ഞു. നാട്ടുകാർ പരിവെടുത്ത് സമാഹരിച്ച തുകയിൽ നിന്ന് പണം നൽകി.

പുഞ്ചിരിയോടെ പണം കൈപ്പറ്റിയ ദാതാവ് പോയ വഴി പുല്ലുപോലും മുളച്ചില്ല. ശസ്ത്രക്രിയ മുടങ്ങി. ഒടുവിൽ ബന്ധുക്കളിൽ നിന്ന് ഒരാൾ മുന്നോട്ടുവന്നതോടെയാണ് കൂലിപ്പണിക്കാരനായ കൊല്ലം സ്വദേശി ജീവിതത്തിലേക്ക് തിരികെവന്നത്. ആരോഗ്യം വീണ്ടെടുത്തപ്പോൾ കൊല്ലം സ്വദേശി ആദ്യം ചെയ്തത് പൊലീസിൽ പരാതി നൽകുകയാണ്. അന്വേഷണത്തിൽ ആളെ കണ്ടെത്തി. അവയവ കൈമാറ്റം കാത്തുകിടക്കുന്ന രോഗികളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്രിലെ കണ്ണിയാണെന്നായിരുന്നു തുറന്നുപറച്ചിൽ! ആൾ അകത്തായെങ്കിലും തുടർന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ല. സംസ്ഥാനത്ത് ആശുപത്രികൾ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകാർ ഏറെയുണ്ടെന്ന് ഫെ‌ഡറേഷൻ ഒഫ് ഓർഗൻ റെസിപ്പിയന്റ്സ് അസോസിയേഷൻ (എഫ്.ഒ.ആ‌ർ.എ)​ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു.

ഇടനിലക്കാരെ

കണ്ടവരുണ്ടോ?​

ഡയാലിസിസ് സെന്റ‌റുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് ദാതാക്കളുടെയും റാക്കറ്ര് പ്രവർത്തനം. ഏജന്റുമാരാണ് ദാതാക്കളെ രോഗിയുടെ മുന്നിലെത്തിക്കുന്നത്. ആദ്യം ക്രോസ് മാച്ചിംഗ് പരിശോധനയാണ്. ഇതിന് വിധേയനാകാൻ 10,​000 രൂപ ദാതാവ് വാങ്ങും. പരിശോധന കഴിഞ്ഞാൽപ്പിന്നെ ഇയാളെ വിളിച്ചാൽ പോലും കിട്ടില്ല. മറ്രൊരു നമ്പറിൽ അടുത്ത രോഗിയെ വീഴ്ത്താൻ ഇറങ്ങുന്ന തിരക്കിലായിരിക്കും ഇവ‌ർ. എഫ്.ഒ.ആ‌ർ.എ അംഗങ്ങളിൽ ഒരാൾ ഇങ്ങിനെ ആറു പേർക്ക് പണം നൽകി കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.

എറണാകുളത്തെ പ്രമുഖ ആശുപത്രിയുടെ സെക്യൂരിറ്രി ജീവനക്കാരുടെ ഫോണുകളിൽ ഇടനിലക്കാരുടെ ഫോട്ടോയുണ്ട്. ആശുപത്രി പരിസരത്ത് ഇവരെ കണ്ടാൽ പുറത്താക്കാനാണ് ഈ ജാഗ്രത. രോഗികളെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരുടെ ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ആശുപത്രി അധികൃത‌ർ ഈ വിദ്യ ഉപയോഗിക്കുന്നത്. എന്നാൽ അശുപത്രിക്കു പുറത്ത് രോഗികളെ ഊറ്റി ഇടനിലക്കാർ വിലസുകയാണ്.

വേണ്ടത് 20 രേഖ;

എല്ലാം വ്യാജം!

ചുരുങ്ങിയത് 20 തരം രേഖകളുണ്ടെങ്കിലേ അവയവദാനം സാധിക്കൂ. രേഖകളെല്ലാം ഏജന്റുമാർ തന്നെ നിർമ്മിക്കും! മുല്ലശേരി പഞ്ചായത്തിൽ അവയവം വിറ്റവരിൽ ആരും രേഖകൾ ഹാജരാക്കാനോ മറ്റോ പഞ്ചായത്ത് ഓഫീസിൽ പോലും എത്തിയിട്ടില്ല. പ്രാദേശിക ഇടനിലക്കാരനാണ് ഇതെല്ലാം ചെയ്തുനൽകിയതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബു പറയുന്നു. സമാനമാണ് കൊച്ചിയിലെ ഒരു ഏജന്റിന്റെ രീതിയും. അവയവം വിൽക്കാൻ തയ്യാറായവരെ സ്വീകർത്താവിന്റെ വീട്ടിൽ രണ്ടുമാസത്തിലധികം താമസിപ്പിക്കും. പിന്നീട് ഇവർ അടുത്ത ബന്ധുവാണെന്ന് പ്രദേശത്താകെ പറഞ്ഞു പരത്തും. ആധാർ കാർഡും റേഷൻ കാർഡ‌ും വരെ വ്യാജമായി നിർമ്മിക്കും. തുടർന്നാണ് ഉദ്യോഗസ്ഥർക്കു മുന്നിലെത്തിക്കുക. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കു നൽകേണ്ട ഉത്തരങ്ങളെല്ലാം ഇയാൾ തന്നെ പറഞ്ഞു പഠിപ്പിക്കും!

തമിഴ്നാട്

പാക്കേജ്!

അവയവ കൈമാറ്റ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന കേരള നെറ്റ്‌വർക്ക് ഒഫ് ഓർഗൻ ഷെയറിന്റെ (കെ.എൻ.ഒ.എസ്) അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 2,265 പേരാണ്. ഇതിൽ 301 രോഗികൾ ഇൻആക്ടീവാണ്. വൃക്ക, കരൾ, ഹൃദയം എന്നീ അവയവങ്ങൾക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നവരാണ് ഏറെ. അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം കുറയുകയും,​ ജീവൻ നിലനിറുത്താൻ അവയവമാറ്റം അനിവാര്യമാവുകയും ചെയ്യുമ്പോഴാണ് നിർദ്ധനർ പോലും ഇടനിലക്കാരുടെയടുത്ത് എത്തിച്ചേരുക.

ആശുപത്രി ജീവനക്കാർ വഴിയും,​ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയവരും വഴിയാണ് രോഗികളും ബന്ധുക്കളും ഏജന്റുമാരുമായി ബന്ധപ്പെടുന്നത്. 20 മുതൽ 25 ലക്ഷം രൂപയാണ് കൊച്ചിയിൽ വൃക്കയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. ഇതിൽ 15 ലക്ഷം ദാതാവിനു നൽകും. ബാക്കി ഏജന്റിന്. എന്നാൽ 3.5 മുതൽ 7 ലക്ഷം വരെയേ പലപ്പോഴും ദാതാവിന് നൽകുകയുള്ളൂ. കൂടുതൽ ആവശ്യപ്പെട്ടാൽ അവയവം വിറ്റതിന് അകത്താകുമെന്ന് ഭീഷണിപ്പെടുത്തും. തമിഴ്‌നാട്ടിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പാക്കേജാണ്. 20 മുതൽ 25 ലക്ഷം നൽകിയാൽ ദാതാവിനെയടക്കം ആശുപത്രി അധികൃതർ എത്തിക്കും. കേരളത്തിൽ അവയവ ശസ്ത്രക്രിയ കുറഞ്ഞതോടെ പലരും തമിഴ്‌നാട്ടിലെ ആശുപത്രികളെ ആശ്രയിക്കുകയാണ്.

ദാതാക്കൾ

കുറഞ്ഞു

2012-ലാണ് 'മൃതസഞ്ജീവനി" പദ്ധതി ആരംഭിച്ചത്. ഏറ്റവും കൂടുതൽ ദാനം ചെയ്യുന്നതും ആവശ്യക്കാരുള്ളതും വൃക്കയ്ക്കാണ്. തുടക്കത്തിൽ കിട്ടിയ സ്വീകാര്യത തുടർന്നുള്ള വർഷങ്ങളിൽ ഇല്ലാതായി. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ദാതാക്കളുടെ എണ്ണത്തിലും ദാനം ചെയ്യുന്ന അവയവങ്ങളിലും വലിയ കുറവുണ്ട്. തുടക്കത്തിൽ ഒമ്പത് ദാതാക്കളിൽ നിന്ന് 22 അവയവങ്ങൾ പുതുജീവൻ പകർന്നപ്പോൾ,​ 2015 ആയപ്പോൾ 76 ദാതാക്കളിൽ നിന്ന് 199 അവയവങ്ങൾ ദാനം ലഭിച്ചു.

പിന്നീടിങ്ങോട്ടുള്ള കണക്ക് നിരാശപ്പെടുത്തുന്നതാണ്. 2022-ൽ 14 ദാതാക്കളിൽ നിന്ന് 53 അവയവങ്ങൾ മാത്രമാണ് ലഭിച്ചത്. അവയവദാനം സുതാര്യമാക്കാൻ 2021-ൽ 'മൃതസഞ്ജീവനി"യെ കേന്ദ്ര പദ്ധതിയായ 'സോട്ടോ"യിൽ ലയിപ്പിച്ച് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനിൽ (കെസോട്ടോ) രജിസ്റ്റർ ചെയ്തിരുന്നു. 'മൃതസഞ്ജീവനി'യിലൂടെ മസ്തിഷ്‌ക മരണാനന്തര അവയവദാനമാണ് നടത്തിയിരുന്നത്. എന്നാൽ, സോട്ടോയിലൂടെ ജീവിച്ചിരിക്കുന്നവർ തമ്മിലുള്ള അവയവമാറ്റവും സർക്കാരിന് ഏകോപിപ്പിക്കാനാകും.

(അവസാനിച്ചു)​

ഇരട്ട ചൂഷണം

മൃതസഞ്ജീവനിയിൽ രജിസ്റ്റ‌ർ ചെയ്യാത്തവരടക്കം സംസ്ഥാനത്ത് 5000 പേരുണ്ട്. കുടുംബങ്ങളിൽ നിന്നു പോലും അവയവം ലഭിക്കാത്ത സാഹചര്യമാണ്. ജീവൻ നിലനിറുത്താനാണ് പലരും ഏജന്റുമാരിലേക്ക് എത്തപ്പെടുന്നത്. ദുരിതജീവിതത്തിൽ നിന്ന് രക്ഷപ്പെടാമെന്നു മോഹിച്ച് ദാതാക്കളും ഇതിനു തയ്യാറാകുന്നു. രണ്ടു കൂട്ടരും പറ്റിക്കപ്പെടുന്നു. ഇവരെ ഒഴിവാക്കി,​ സുതാര്യമായ നിയമസംവിധാനം സൃഷ്ടിക്കണം.

പ്രശോഭ് കരിപ്പാടം

സംസ്ഥാന ജനറൽ സെക്രട്ടറി

എഫ്.ഒ.ആ‌ർ.എ)

കൂടുതൽ അറസ്റ്റ്

ഇറാൻ അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. പിടിയിലായ സാബിത്ത് നാസർ, സജിത്ത് ശ്യാം എന്നിവരുടെ മൊഴികൾ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുകയാണ്. ഹൈദരാബാദിലും ബംഗളൂരുവിലും പരിശോധനകൾ നടത്തും.

ഡോ. വൈഭവ് സക്സേന

റൂറൽ പൊലീസ് മേധാവി

എറണാകുളം

Advertisement
Advertisement