പൊന്മുടി ഇന്ന് തുറക്കും സഞ്ചാരികളെ വരവേല്ക്കാൻ  മഴയും മൂടൽമഞ്ഞും 

Tuesday 28 May 2024 5:53 AM IST

വിതുര: വേനൽമഴ ശക്തമായ സാഹചര്യത്തിൽ ഒരാഴ്ചയായി അടച്ചിട്ടിരുന്ന പൊന്മുടി ഇന്ന് സഞ്ചാരികൾക്കായി തുറന്നുനൽകുമെന്ന് ഡിവിഷണൽഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കല്ലാർ മീൻമുട്ടിവെള്ളച്ചാട്ടവും ഇന്ന് തുറക്കും. രണ്ടാഴ്ച മുൻപ് വരെ കടുത്തചൂടിനെ തുടർന്ന് പൊന്മുടി വരണ്ടുണങ്ങിയ അവസ്ഥയിലായിരുന്നു. സഞ്ചാരികളുടെ വരവും ഗണ്യമായി കുറഞ്ഞിരുന്നു. മഴ തുടങ്ങിയതോടെ വീണ്ടും തിരക്കേറിയെങ്കിലും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും മുൻനിറുത്തി വനംവകുപ്പ് പ്രവേശനം നിറുത്തിവയ്ച്ചിരിക്കുകയായിരുന്നു.

സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ പൊന്മുടിയിൽ ടൂറിസ്റ്റുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇക്കുറി അവധി ദിവസങ്ങളിൽ പോലും വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തിയിരുന്നത്. പാസ് ഇനത്തിൽ വൻ നഷ്ടമാണ് വനംവകുപ്പിന് ഉണ്ടായത്. കാലാവസ്ഥ മാറിയതോടെ സ്ഥിതിഗതികളും മാറി. ഇപ്പോൾ പൊൻമുടിയിൽ ശക്തമായ മൂടൽമഞ്ഞും മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. നിലവിലെ കാലാവസ്ഥ സഞ്ചാരികൾക്ക് നവ്യാനുഭൂതിപകരും.

പ്രതീക്ഷയോടെ സഞ്ചാരികൾ

പൊന്മുടിയിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവും ദൃശ്യമാണ്. കാട്ടാനയും കാട്ടുപോത്തും സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാണ്. സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുമ്പോൾ പൊന്മുടിയും പരിസരവും വാഹനങ്ങളാൽ നിറയും. കല്ലാർ- പൊന്മുടി റൂട്ടിൽ ഗതാഗതക്കുരുക്കുമുണ്ടാകാൻ സാദ്ധ്യതയുണ്ട്. അടച്ചിട്ടിരുന്ന വേളയിലും യാത്രാനുമതിചോദിച്ച് ധാരാളംടൂറിസ്റ്റുകൾ കല്ലാർ ചെക്ക്പോസ്റ്റിൽ എത്തിയിരുന്നു. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ ഇവരെ മടക്കി അയക്കുകയായിരുന്നു. അതേസമയം വിതുര, തൊളിക്കോട് മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വൻതിരക്കായിരുന്നു. പൊന്മുടിയിൽ തുറക്കുന്നതോടെ വിതുര, കല്ലാർ, ആനപ്പാറ മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾക്കും ഉണർവാകും. സ്കൂൾ തുറക്കുന്നതുവരെ പൊന്മുടിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.

മറ്റ് പ്രധാന കേന്ദ്രങ്ങൾ

കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം, വാഴ്വാന്തോൾ വെള്ളച്ചാട്ടം, പേപ്പാറ, ചാത്തൻകോട്, ചീറ്റിപ്പാറ

നദിയിൽ കുളിക്കുന്നതിന് നിയന്ത്രണം

സഞ്ചാരികൾക്ക് നദികളിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ചാത്തൻകോട്ടും സഞ്ചാരികൾ കുളിക്കാനിറങ്ങുന്നുണ്ട്. മഴക്കാലത്ത് ഏതുസമയത്തും മലവെള്ളപ്പാച്ചിലുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സഞ്ചാരികൾ ജാഗ്രതപാലിക്കണമെന്നാണ് നിർദ്ദേശം.

Advertisement
Advertisement