വിമാനങ്ങളിലെ പക്ഷിയിടി: കാത്തിരിക്കുന്നത് വൻദുരന്തം

Tuesday 28 May 2024 5:55 AM IST

ശംഖുംമുഖം: വിമാനങ്ങളിൽ പക്ഷിയിടിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന് വ്യോമയാന വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ ദിവസവും തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്ക് പോയ കാലപ്പഴക്കം ചെന്ന എയർഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചിരുന്നു. തുടർന്ന് ഇന്ധനം കായലിൽ ഒഴുക്കിക്കളയാൻ സംവിധാനമില്ലാത്തതിനാൽ വിമാനം പലതവണ വട്ടമിട്ടുപറന്ന് ഇന്ധനം കത്തിച്ച് കളഞ്ഞ ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. 140 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ ശരാശരി പഴക്കം 14 വർഷമാണ്. എട്ട് വർഷം പിന്നിട്ട എയർക്രാഫ്റ്റുകൾ എ.ജി.എസ് ചെക്കിംഗ് നടത്തിയ ശേഷം മാത്രമേ സർവീസ് നടത്താൻ പാടുള്ളൂവെന്നാണ് നിയമം. എന്നാൽ 10 വർഷം പിന്നിട്ട എയർഇന്ത്യ വിമാനങ്ങൾ ചെക്കിംഗ് ഇല്ലാതെയാണ് കേരള സെക്ടറിൽ പറക്കുന്നത്. 21 വർഷം വരെ പഴക്കമുള്ള വിമാനങ്ങളാണ് എയർഇന്ത്യ കേരളത്തിൽ ഉപയോഗിക്കുന്നത്.

രണ്ടുവർഷത്തിനിടെ യന്ത്രത്തകരാറും പഴക്കവും മൂലം സംസ്ഥാനത്ത് എയർ ഇന്ത്യയുടെ 200ലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഒരുവിമാനം പൂർണമായും ചെക്ക് ചെയ്യാൻ രണ്ട് മാസത്തിൽ കൂടുതൽ സമയം വേണം. ഇത് ഷെഡ്യൂളുകളെ ബാധിക്കുമെന്നതിനാലാണ് എയർഇന്ത്യ പരിശോധനകൾ കൃത്യമായി നടത്താത്തതെന്നാണ് ആക്ഷേപം.

Advertisement
Advertisement