അജയകുമാറിന്റെ ജീവനെടുത്ത് അയൽവാസികളുടെ 'ആവേശം" ; ആരുണ്ട് ഈ നാലു ജീവനുകളെ കാക്കാൻ

Monday 27 May 2024 10:11 PM IST

കണ്ണൂർ: സംസാരിച്ചാൽ തീരാവുന്ന ചെറിയൊരു പ്രശ്നത്തെ ജീവനെടുക്കുന്ന തരത്തിൽ എത്തിച്ച ദേവദാസനും മക്കളും മൂലം വഴിയാധാരമായത് ആരോരുമില്ലാത്ത നാലു സത്രീകളുടെ ജീവിതം. രജനി ,രാഗിണി,റോജ,സീന എന്നീ നാല് പേർക്ക് ഒറ്റ സഹോദരനായിരുന്നു കൊല്ലപ്പെട്ട അജയകുമാർ. ഇവരിൽ ഒരാളുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ഭർത്താവ് മരിച്ചതോടെ അജയകുമാറിന്റെ ഒപ്പമാണ് താമസം. ചെറിയ തയ്യൽ ജോലികൾ ചെയ്യുന്നതല്ലാതെ ഇവർക്കാർക്കും വരുമാനമാർഗമൊന്നുമില്ല. നാലുപേരുടെയും ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട അജയകുമാർ.

ഇലക്ട്രിക്കൽ ജോലി ചെയ്താണ് അജയകുമാർ കുടുംബം മുന്നോട്ട് കൊണ്ടുപോയത്. ഏക അത്താണിയെ നഷ്ടപ്പെട്ടതോടെ ഇവർ നാലുപേരുടെ മുന്നോട്ടുള്ള ജീവിതം എന്താവുമെന്ന ചോദ്യം ബാക്കിയാണ്.

നാട്ടുകാർക്കെല്ലാം അജയകുമാറിനെ കുറിച്ച് നല്ല അഭിപ്രായമേ ഉള്ളു. ആരോടും ഒരു വഴക്കിനും പോകാത്ത ശാന്തസ്വഭാവക്കാരനായ അജയകുമാർ ഇങ്ങനെ ദാരുണമായി കൊല്ലപ്പെടുമെന്ന് ആരും കരുതിയില്ല. പ്രതികളുടെ വീട്ടിൽ നിന്നും റോഡിലേക്ക് വെള്ളം ഒഴുക്കിവിട്ടതിനെ പറ്റി ചോദിച്ചതിന്റെ പേരിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ ചെന്നെത്തിയത്. ദേഷ്യമുണ്ടെങ്കിലും കൊന്നുകളയുമെന്ന് വിചാരിച്ചില്ലെന്ന് നെഞ്ചുപൊട്ടിക്കരയുകയാണ് സഹോദരിമാർ.

സ്ഥലം നൽകിയതും അജയകുമാർ

ആറുവർഷം മുമ്പാണ് അജയകുമാർ വിറ്റ സ്ഥലത്തേക്ക് ദേവദാസും കുടുംബവും താമസിക്കാനെത്തിയത്. ഒരു മതിൽ വ്യത്യാസം മാത്രമേ ഇരുവീടുകളും തമ്മിൽ ഉള്ളു. ആദ്യം നല്ല സൗഹൃദത്തിൽ കഴിഞ്ഞ കുടുംബങ്ങളിൽ പിന്നീട് വിള്ളലുകൾ ഉണ്ടായി. അതിന് പ്രധാനകാരണം ഈ മലിനജലം ഒഴുക്കുന്നതായിരുന്നു. ഓട്ടോ ഡ്രൈവറായ ദേവദാസൻ തന്റെ വാഹനങ്ങൾ കഴുകുമ്പോഴുള്ള മലിനജലം അജയകുമാറിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് ഒഴുക്കുമായിരുന്നു. തുടക്കത്തിൽ ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് തർക്കമായി. ദിവസവും ഇത് സംബന്ധിച്ച് തർക്കം പതിവാണെങ്കിലും ദേവദാസ് ഇത്തരത്തിൽ അജയകുമാറിനെ കൊലപ്പെടുത്തുമെന്ന് ആരും കരുതിയില്ല.

Advertisement
Advertisement