പരിസ്ഥിതി ദിനത്തിന് ഒരുങ്ങി ഔഷധി: ഇത്തവണ ഏഴിലംപാലയും അയ്യമ്പനയും സ്‌പെഷ്യൽ

Monday 27 May 2024 10:12 PM IST

പരിയാരം: കുറ്റിയറ്റുകൊണ്ടിരിക്കുന്ന അപൂർവ്വമരങ്ങളുടെ പുന:സൃഷ്ടിക്കായി ഇത്തവണത്തെ പരിസ്ഥിതി ദിനം നീക്കിവച്ച് പരിയാരം ഔഷധി ഗാർഡൻ. വിവിധ സംഘടനകൾക്ക് നൽകാനായി എല്ലാ വർഷവും ഔഷധസസ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഔഷധി ഈ വർഷം വംശനാശഭീഷണി നേരിടുന്ന മരങ്ങളും ചെടികളും കൂടി നട്ടുവളർത്തി വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്.

ദന്തപാല, കുമിഴ്, പലകപയ്യാനി, നീർമരുത്, രാമച്ചം, നാഗവെത്തില, ബ്രഹ്മി, നാഗദന്തി, നെല്ലി, പുളി, ചന്ദനം, കുടംപുളി, കറുവപ്പട്ട, കറിവേപ്പില, കൂവളം, കറ്റാർവാഴ, മൈലാഞ്ചി, ചെറുചീര എന്നീ ചെടികൾക്ക് പുറമേയാണ് വംശനാശഭീഷണിയിലുള്ള അയ്യമ്പന, ഏഴിലംപാല എന്നിവയുടെ തൈകൾ കൂടി ഒരുക്കിയത്.

ഔഷധിയുടെ തോട്ടത്തിൽ തന്നെയുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഏഴിലംപാലയുടെയും അയ്യമ്പനയുടെയും വിത്തുകൾ ശേഖരിച്ചാണ് തൈകൾ ഉൽപ്പാദിപ്പിച്ചത്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിലുള്ള ഏഴിലംപാലകൾ കൂട്ടത്തോടെ ഇല്ലാതായിട്ടുണ്ട്. വനംവകുപ്പിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇത്തവണ ഏഴിലംപാല തൈകളും ഉൽപ്പാദിപ്പിച്ചത്.വളരെ ശ്രമകരമായ ജോലിയാണ് ഏഴിലംപാല കൈകൾ മുളപ്പിച്ചെടുക്കുന്നത്.

രക്തചന്ദനത്തിന്റെ വിത്തുകൾ പ്രാദേശികമായി ശേഖരിച്ച് വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ ഔഷധ ചെടികളുടെ വിതരണം ഈ വർഷവും പരിയാരത്തെ നഴ്സറിയിൽ നടക്കും.

ചടങ്ങിലൊതുക്കുന്നവർക്ക് തൈകളില്ല

ഇത്തവണ ഔഷധിയുടെ മാനേജിംഗ് ഡയരക്ടർ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ തൈകൾ നൽകുകയുള്ളു.മുൻകൂട്ടി അപേക്ഷ ക്ഷണിച്ചാണ് തൈകളുടെ വിതരണം. പരിസ്ഥിതി ദിനത്തിൽ സൗജന്യമായി ലഭിച്ച ആയിരക്കണക്കിന് ഔഷധസസ്യങ്ങൾ നടാനോ സംരക്ഷിക്കാനോ തയ്യാറാവാതെ നശിപ്പിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഏഴിലംപാല

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണ്‌ ഏഴിലംപാല. . 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.ഇതിന്റെ ഇലകൾക്ക് ഏഴ് ഇതളുകൾ ഉള്ളതിനാൽ ആണ് ഏഴിലംപാല എന്ന പേർആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , തൊലി, മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്. കിട്ടിയത്.

അപ്പോസൈനേസീ എന്ന സസ്യ കുടുംബത്തിലെ അംഗം. ഇംഗ്ളീഷിൽ ഡെവിൾ ട്രീ എന്നും പേര് .

അയ്യമ്പന

ആസ്റ്ററേസീ എന്ന കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് അയ്യമ്പന എന്ന വിശല്യകരണി. സംസ്‌കൃതത്തിൽ അജപർണ എന്നും മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നും പേര്. ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകളിൽ അണുബാധയേൽക്കാതിരിക്കാനുംമുറുവുണക്കാനും ഉപയോഗിച്ചു വരുന്നു. പ്രധാനമായും മലബാറിലെ ഇടനാടൻ കുന്നുകളിൽ ഇവ വളരുന്നു.

Advertisement
Advertisement