വൈശാഖ മഹോത്സവം: കൊട്ടിയൂരിൽ നാളെ തിരുവോണം ആരാധന;

Monday 27 May 2024 10:28 PM IST

ഇളനീർവെപ്പ് നാളെ രാത്രിയിൽ

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ സുപ്രധാനമായ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന നാളെ അക്കരെ സന്നിധിയിൽ നടക്കും.കോട്ടയം കിഴക്കേകോവിലകം വകയാണ് ഈ വിശേഷ ആരാധന നടത്തുന്നത്.ആരാധന പൂജയുള്ള ദിനങ്ങളിൽ ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയുംആരാധനാ സദ്യയും നടത്തും. ആരാധനാ പൂജയിൽ പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യമാണ് സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നത്.

വൈശാഖ മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർവെപ്പ് നാളെ രാത്രി അക്കരെ കൊട്ടിയൂരിൽ നടക്കും.

വ്രതനിഷ്ഠയിൽ ഇളനീർകാവുകളെത്തും
കഠിനവ്രതമനുഷ്ഠിച്ച ഭക്തർ ദീർഘദൂരം നടന്ന് ആയിരക്കണക്കിന് ഇളനീർക്കാവുകളാണ് കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചെത്തിക്കുന്നത്. ഇളനീർവെപ്പിന്റെ ഭാഗമായി എരുവട്ടിക്കാവ് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് എണ്ണയും ഇളനീരും എത്തിക്കും. രാത്രിയിൽ പന്തീരടി പൂജ പൂർത്തീകരിച്ചതിന് ശേഷമാണ് ഇളനീർവെപ്പിന്റെ ഒരുക്കങ്ങൾ ആരംഭിക്കുന്നത്. രാശി വിളിക്കുന്നതുവരെ വ്രതക്കാർ മന്ദംചേരിയിലെ ബാവലിക്കരയിൽ മുഹൂർത്തം കാത്തിരിക്കും. രാത്രിയിലെ പ്രത്യേക മുഹൂർത്തത്തിൽ തിരുവഞ്ചിറയിൽ തട്ടുംപോളയും വിരിച്ച് രാശി വിളിക്കുന്നതോടെ ഇളനീർവെപ്പ് ചടങ്ങുകൾ ആരംഭിക്കും.ഇളനീർവെപ്പിനായി ദൂരെ നിന്നുള്ള വ്രതക്കാർ കൊട്ടിയൂരിലേക്ക് പ്രയാണം ആരംഭിച്ചു കഴിഞ്ഞു.

കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം

കൊട്ടിയൂർ: കൊട്ടിയൂരിൽ ഇന്നലെ ദർശനത്തിനെത്തിയത് ഭക്തജന സാഗരം. ഈ ഉത്സവകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ അക്കരെ സന്നിധിയിൽ അനുഭവപ്പെട്ടത്.പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ഭക്തജനത്തിരക്കിൽ ഇടയ്ക്കിടെ തിരുവഞ്ചിറ നിറഞ്ഞു.ഭക്തജന പ്രവാഹമുണ്ടായതോടെ ദേവസ്വം വളണ്ടിയർമാരും പൊലീസും പാടുപെട്ടു. അക്കരെ സന്നിധാനത്ത് കുടിവെള്ളവും, ചുക്കുകാപ്പിയും അന്നദാനവും ഉൾപ്പെടെ സംവിധാനമൊരുക്കിയത് ഭക്തർക്ക് അനുഗ്രഹമായി. പാർക്കിംഗിന് വിപുലമായ സൗകര്യം ഒരുക്കിയതിനാൽ വലിയ രീതിയിൽ ഗതാഗത കുരുക്ക് ഉണ്ടായില്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തിരക്കിന് നേരിയ ശമനമുണ്ടായത്.

അക്കരെ കൊട്ടിയൂരിൽ ഇന്നലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

Advertisement
Advertisement