ഉത്സവപ്രതീതിയിൽ സ്‌കൂൾ വിപണി

Tuesday 28 May 2024 12:35 AM IST

ആലപ്പുഴ: സ്‌കൂൾ തുറപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കുടകളും ബാഗുകളും കൊണ്ട്

കുരുന്നുമനസുകളെ കീഴടക്കി വിപണി. വെള്ളം ചീറ്റിയും പ്രകാശം പരത്തിയും കുടവിപണി മുന്നേറുമ്പോൾ, കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളുമായി ബാഗുകളും തൊട്ടുപിന്നിലുണ്ട്.

വാട്ടർബോട്ടിൽ, ടിഫിൻബോക്സ്, പെൻസിൽ ബോക്സ് തുടങ്ങിയവയാണ് വിപണിയിലെ മറ്റുതാരങ്ങൾ. ബുക്ക് പൊതിയാനുള്ള കടലാസ്, പെൻസിൽ, പേന, റബ്ബർ, കട്ടർ എന്നിവയിലടക്കം പുതുമകൊണ്ടുവരാൻ കമ്പനികൾ ശ്രമിച്ചിട്ടുണ്ട്. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് 60മുതൽ 100 രൂപയാണ് വില. കടകളളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. കൺസ്യൂമർഫെഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള വിപണിയിൽ വിലക്കുറവ് കാരണം രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും വലിയ ക്യൂ തന്നെയുണ്ട്.

കുരുന്നു മനസുകൾ കീഴടക്കാൻ പുത്തൻ താരങ്ങൾ

1. പ്രിൻസസ്, ക്രോസ് വൺ, ചോട്ടബീം, അവഞ്ചേഴ്‌സ്, ബെസ്റ്റൻസ്, മോക്‌സി, പൈപ്പി ഓട്ടോ, ലേസർ കുടകൾ, ത്രീ ഫോൾഡ്, വലിയ കാലൻകുട, വർണക്കുടകൾ എന്നിവയാണ് വിപണിയിലെ താരങ്ങൾ.

2.പലനിറത്തിലും രൂപത്തിലും വെട്ടിത്തിളങ്ങുന്ന ബാഗുകൾക്ക് ആവശ്യക്കാ‍ർ കൂടുതലാണ്. മഴക്കാലമായതിനാൽ ബാഗിനൊപ്പം റെയിൻകോട്ട് വാങ്ങുന്നവരും കുറവല്ല. 200രൂപ മുതലാണ് കുട്ടികളുടെ റെയിൻകോട്ടിന്റെ നിരക്ക്.

3. കുട, ബാഗ്, നോട്ട് ബുക്ക് എന്നുവേണ്ട, പേനയ്ക്കും പെൻസിലിനും ബ്രൗൺ പേപ്പറിനും വരെ വില വർദ്ധിച്ചിട്ടുണ്ട്. ഇത് 10 മുതൽ 15 ശതമാനം വരെ വരും. 30 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ കൺസ്യൂമർഫെഡിൽ നോട്ട്ബുക്കുകൾ ലഭ്യമാണ്

4. കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ പൊലീസ് സൊസൈറ്റി വഴി ദിവസം ഒരുലക്ഷത്തോളം രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. ഇ- ത്രിവേണി വഴി സാധനങ്ങൾ ബുക്ക് ചെയ്താൽ ട്രാൻസ്പോർട്ടിംഗ് ചാർജ്ജില്ലാതെ വീടുകളിലെത്തിക്കും

കുടകൾക്ക്

200 - 1200 രൂപ

ബാഗുകൾക്ക്

250-1600 രൂപ

ജില്ലയിലെ 50 കേന്ദ്രങ്ങൾ വഴി പൊതുവിപണിയെക്കാൾ 40 ശതമാനം വരെ വിലക്കുറവിൽ പഠനോപകരണങ്ങൾ ലഭ്യമാണ്. 1.50കോടിരൂപ ലക്ഷ്യമെന്നത് 60ശതമാനത്തിലെത്തി. വരും ദിവസങ്ങളിൽ ലക്ഷ്യത്തിലെത്തും

- മാർക്കറ്റിംഗ് മാനേജർ, കൺസ്യൂമർഫെഡ്

Advertisement
Advertisement