മഴ,കാറ്റ് : വ്യാപകനാശം

Tuesday 28 May 2024 12:36 AM IST

ആലപ്പുഴ : തോരാതെ പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ജില്ലയിൽ വിവിധ താലൂക്കുകളിലായി 2000ൽ അധികം വീടുകൾ വെള്ളത്തിലായി. ഇന്നലെ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. രണ്ട് ദുരിതാശ്വാസക്യാമ്പുകളിലായി അഞ്ച് കുടുംബങ്ങളിലെ 21പേരെ മാറ്റി പാർപ്പിച്ചു.

അഞ്ച് ഹെക്ടറിലെ പച്ചക്കറി ഉൾപ്പെടെയുള്ള കരകൃഷി നശിച്ചു. തോട്ടപ്പള്ളി പൊഴി തുറന്ന് നീരൊഴുക്ക് ശക്തമായത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലയ്ക്ക് ആശ്വാസമായി. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ മൂന്ന് കുടുംബങ്ങൾ പൂർണ്ണമായും വെള്ളത്തിലായി. അമ്പലപ്പുഴ വടക്ക് 600ൽ പാ‌ടശേഖരത്ത് വെള്ളംകയറിക്കിടക്കുന്നതിനാൽ 60കുടുംബങ്ങളും ദുരിതത്തിലാണ്. ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ റവന്യൂ അധികാരികൾ നടപടി സ്വീകരിച്ചു. പുറക്കാട് പഞ്ചായത്തിലെ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് തെക്കോട്ട് പഴയങ്ങാടിവരെ പുനർ നിർമ്മാണം നടക്കുന്ന ദേശീപാതക്ക് പടിഞ്ഞാറ് ഭാഗത്തെ 25ൽ അധികം കുടുംബങ്ങൾ വെള്ളത്തിൽ മുങ്ങി.

ഇന്നലെ പെയ്തത് 39.92മി.മീറ്റർ മഴ

 2000ൽ അധികം വീടുകൾ വെള്ളത്തിൽ

 ഇന്നലെ തകർന്നത് രണ്ട് വീടുകൾ

 5 ഏക്കറിലെ കരകൃഷി നശിച്ചു

 എൻ.ഡി.ആർ.എഫ് സംഘം സജ്ജം

 താലൂക്കിലും കളക്ടറേറ്റിലും കൺട്രോൾ റൂമുകൾ

തോട്ടപ്പള്ളി പൊഴി തുറന്നു,

39 ഷട്ടറുകൾ ഉയർത്തി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലസേചന വകുപ്പ് അധികൃതർ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം ഇന്നലെ കടലിലേക്ക് തുറന്നു. കടലിൽ നിന്നുള്ള വേലിയേറ്റത്തെ തുടർന്ന് പൊഴി അടയാതിരിക്കാൻ വേലിയിറക്കസമയത്താണ് തുറന്നത്. കടൽ പ്രക്ഷുബ്ധമായി നിൽക്കുന്നതിനാൽ നീരൊഴുക്ക് ശക്തി പ്രാപിച്ചു വരുന്നതേയുള്ളു. കായലിനേക്കാൾ കടലിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതാണ് കാരണം. പൊഴിമുഖത്ത് 190 മീറ്റർ നീളത്തിൽ 20 മീറ്റർ വീതിയിൽ മൂന്ന് മീറ്റർ താഴ്ചയിലാണ് പ്രളയ ജലം ഒഴുക്കുന്നതിന് ഇത്തവണ ചാൽ തെളിച്ചത്. ജെ.സി.ബിയും ഹിറ്റാച്ചിയും ഉൾപ്പെടെ ആറ് യന്ത്രങ്ങൾ ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ടാണ് പൊഴി മുറിച്ചത്. സ്പിൽവേ പാലത്തിൽ ഘടിപ്പിച്ച 40 ഷട്ടറുകളിൽ 39 എണ്ണം ഉയർത്തി. ഒരെണ്ണം വേലിയേറ്റത്തിൽ ഒലിച്ച് പോയതിനാൽ മണൽച്ചാക്ക് ഉപയോഗിച്ച് അടച്ചു.

Advertisement
Advertisement