വലിയഴീക്കൽ ഫിഷിംഗ് ഹാർബറിൽ തിരയിൽ 7വള്ളങ്ങൾ തകർന്നു

Tuesday 28 May 2024 12:38 AM IST

കായംകുളം : വലിയഴീക്കൽ തീരത്ത് ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റിലും തിരയിലും 7 വള്ളങ്ങൾ പൂർണമായും തകർന്നു. വള്ളങ്ങളും എൻജിനും മത്സ്യബന്ധനവലകളും നശിച്ചതിനെ തുടർന്ന് അരക്കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. വലിയഴീക്കൽ ഫിഷിംഗ് ഹാർബറിൽ പുതുതായി നിർമ്മാണം നടത്തിവരുന്ന ലേല ഹാളിന് സമീപം കെട്ടിയിട്ടിരുന്ന വള്ളങ്ങളാണ് കാറ്റിലും തിരയിലും റോപ്പുകൾ പൊട്ടി തിരയിലകപ്പെട്ടത്. ശക്തമായ തിരയിൽ പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് വള്ളങ്ങൾ തകർന്നത്.

തൃക്കുന്നപ്പുഴ തൈപ്പറമ്പിൽ വിനോദിന്റെ കൈലാസ് നാഥ് , പതിയാങ്കര മാക്കാതറയിൽ പ്രദീപിന്റെ ദേവി , പുറക്കാട് പുത്തൻപറമ്പിൽ സജിത്തിന്റെ കൈലാസ് നാഥ് , പതിയാങ്കര വക്കേപറമ്പിൽ വിമലന്റെ പ്രസ്റ്റീജ് , ആറാട്ടുപുഴ കള്ളിക്കാട് ലാൽജിയുടെ എംഎം-വൈസി, കള്ളിക്കാട് ഉമേഷിന്റെ ജപമാല , വലിയഴീക്കൽ സാനുവിന്റെ ദക്ഷനന്ദ എന്നീ വള്ളങ്ങളാണ് തകർന്നത്.

വള്ളങ്ങളിൽ ഘടിപ്പിച്ചിരുന്ന എൻജിൻ, കാമറ, മത്സ്യബന്ധന വലകൾ എന്നിവയും നശിച്ചു. രാത്രിയിൽ മത്സ്യബന്ധനം കഴിഞ്ഞുവന്ന ബോട്ടുകാരാണ് വള്ളങ്ങൾ തിരയിൽപ്പെട്ടത് കണ്ടത്. അവർ തീരത്ത് അറിയിച്ചതനുസരിച്ച് തീരദേശവാസികളും വള്ളത്തിലെ തൊഴിലാളികളുമെത്തി വള്ളങ്ങൾ കെട്ടിവലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി.

ദുരിതത്തിനിടയിലെ ഇരട്ടപ്രഹരം

 പ്രതികൂല കാലാവസ്ഥ കാരണം ദിവസങ്ങളായി വലിയഴീക്കൽ തീരത്ത് മത്സ്യബന്ധനം സാദ്ധ്യമാകാതെ തൊഴിലാളികൾ ദുരിതത്തിലാണ്

 വള്ളങ്ങൾ നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മന്ത്രി സജി ചെറിയാന് കത്ത് നൽകി

അടിയന്തിര നഷ്ടപരിഹാരം ലഭിച്ചെങ്കിലേ വള്ളങ്ങൾ പൂർവ്വസ്ഥിതിയിലാക്കി തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാനാകുകയുള്ളൂ

വള്ളങ്ങളും ഉപകരണങ്ങളും നശിച്ചതിന്റെ നഷ്ടം തിട്ടപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഉടൻ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം

- വി.ദിനകരൻ , ധീവരസഭ ജനറൽ സെക്രട്ടറി

Advertisement
Advertisement