മൂന്നുപതിറ്റാണ്ട് പിന്നിട്ട് ദീപാലിക കളരി മുറ്റം

Tuesday 28 May 2024 2:41 AM IST

മുഹമ്മ: കലവൂരിന്റെ മുറ്റത്ത് ദീപാലിക കളരി വിളക്ക് തെളിഞ്ഞിട്ട് മൂന്നു പതിറ്റാണ്ട്. ഇവിടെ നിന്ന് ഇതിനകം പഠിച്ചിറങ്ങിയവർ ആയിരത്തോളം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കലവൂർ കൂത്തുവെളിയിലെ ഈ കളരിപ്പയറ്റ് കേന്ദ്രം മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോൾ

യുവാവായ കോമളൻ ഗുരുക്കളുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിലായി 400ലധികം കുട്ടികൾ കളരി അഭ്യസിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോമളൻ,​ തലവടി ലാലിന് ശിഷ്യപ്പെടുന്നത്. തുടർന്ന് സിൽവാസ് ഗുരുക്കൾ, ഇസ്മാഈൽ ഗുരുക്കൾ എന്നിവരിൽ നിന്ന് കളരിയുടെ വിവിധ രീതികൾ സ്വായത്തമാക്കി. സ്കൂൾ പഠനത്തോടൊപ്പം കയർ മേഖലയിൽ ജോലിചെയ്തുകൊണ്ടാണ് കോമളൻ കളരി പഠനം നടത്തിയത്. തുടർന്ന്,​

വീടിനോടുചേർന്ന് സ്വന്തമായി കളരി തുടങ്ങി. താമസിയാതെ ആലപ്പുഴ, ചേർത്തല, കഞ്ഞിക്കുഴി, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലും കളരി കേന്ദ്രങ്ങൾ അരംഭിച്ചു. വടക്ക്, തെക്ക്, മദ്ധ്യം എന്നിങ്ങനെ കളരിയുടെ വിവിധ ശൈലികൾ ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. കളരി അഭ്യാസത്തെ കൂടാതെ മർമ്മ ചികിത്സയും സുഖ ചികിത്സയും ഇവിടെ നൽകുന്നുണ്ട്.

ടി.യു.വിഷ്ണു,അഖിൽ,അനു, ചന്തു, സുധീഷ്, ജിബിൻ,സച്ചു, ശ്രീജിത്ത്,മോൻസി, പ്രിൻസ്, അർജുൻ തുടങ്ങിയ മുൻ ശിഷ്യന്മാരാണ് കോമളൻ ഗുരുക്കളുടെ പ്രധാന സഹായികൾ. കോമളന് കരുത്തായി ഭാര്യ ബീനയുടെ പിന്തുണയും പ്രോത്സാഹനവുമുണ്ട്.

അർജുൻ, അർച്ചന എന്നിവർ മക്കളാണ്.

പെൺകരുത്തിനും തുണ


കേരളസർക്കാരിന്റെ പെൺകരുത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മാരാരിക്കുളം തെക്ക്, വടക്ക്, മണ്ണഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലും കോമളൻ ഗുരുക്കൾ കളരി പരിശീലിപ്പിക്കുന്നുണ്ട്.

ഇതിന് ഓരോ പഞ്ചായത്തും വർഷം രണ്ടു ലക്ഷം രൂപ വീതം നൽകുന്നുണ്ട്. കുട്ടികൾക്ക് ലഘു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഇതിലാടെയാണ് ലഭ്യമാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായവും കളരി കേന്ദ്രങ്ങൾ ലഭിക്കുന്നുണ്ട്. ഇത് അനുസരിച്ച് വിദ്യാർത്ഥികൾക്ക് 500 ഉം 1800 രൂപ കളരിക്കും സഹായമായി ലഭിക്കുന്നുണ്ട്.

കേരളത്തിന്റെ പൈതൃക ആയോധനകലയായ കളരി ശാസ്ത്രീയമായി പഠിക്കുന്നതിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവുമായ കഴിവുകൾ മെച്ചപ്പെടുത്താനും ബുദ്ധിയും ക്ഷമാശീലവും വളർത്താനും കഴിയും

- കോമളൻ ഗുരുക്കൾ,​ ദീപാലിക കളരി

Advertisement
Advertisement