സമ്പൂർണ്ണ ബഡ്ജറ്റ് സമ്മേളനം 28 ദിവസം

Tuesday 28 May 2024 1:45 AM IST

തിരുവനന്തപുരം:ലോക് സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിന്നാലെ ജൂൺ 10 ന് തുടങ്ങുന്ന നിയമസഭയുടെ സമ്പൂർണ്ണ ബഡ്ജറ്റ് സമ്മേളനം 28 ദിവസം നീണ്ടു നിൽക്കും. പതിനഞ്ചാം സഭയുടെ 11-ാമത് സമ്മേളനമാണ്.

തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡ് കൂട്ടാനുള്ള ബിൽ ആദ്യ ദിവസം അവതരിപ്പിക്കും. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിലെ ധനാഭ്യർത്ഥന ചർച്ചകളും വോട്ടെടുപ്പുമാണ് പ്രധാനം. നാലാമത് ലോക കേരളസഭ നിശ്ചയിച്ചിട്ടുള്ളതിനാൽ 13 മുതൽ 18 വരെ സഭ ചേരില്ല. പിന്നീടുള്ള ദിവസങ്ങൾ തുടർച്ചയായി ചേരുമെങ്കിലും ജൂലായ് 15ന് ഉണ്ടാവില്ല. 16ന് മുഹ്റം അവധിയാണ്.

തിരഞ്ഞെടുപ്പ് ഫലം ആർക്ക് അനുകൂലമായാലും രാഷ്ട്രീയമായ ഏറ്റുമുട്ടലിന് വകയുണ്ട്. പുതിയ ബാർകോഴ വിവാദം സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് സഭയെ പ്രക്ഷുബ്ധമാക്കാവുന്ന മറ്റൊരു വിഷയം.

നീണ്ട ഷെഡ്യൂളാണ് നിശ്ചയിച്ചതെങ്കിലും സഭാനടപടികൾ വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതിക്ക് തീരുമാനമെടുക്കാം.

Advertisement
Advertisement