പുതിയ മദ്യനയത്തിൽ കുരുങ്ങി സി.പി.എം

Tuesday 28 May 2024 1:51 AM IST

തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഊരാക്കുടുക്കിലാണ് സി.പി.എമ്മും സർക്കാരും. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വികസനത്തിനും വ്യവസായ,ഐ.ടി പാർക്കുകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും മദ്യനയത്തിൽ ഇളവുകൾ അനിവാര്യമെന്ന നിലപാടാണ് പാർട്ടിക്ക്. പക്ഷേ, മദ്യനയം തീരുമാനിക്കുംമുമ്പേ വിവാദം ആളിപ്പടർന്നു. ഈ സാഹചര്യത്തിൽ മനക്കോട്ടയിലെഴുതിയ ഇളവുകൾ എങ്ങനെ പ്രഖ്യാപിക്കും?ബാർ ഹോട്ടൽ ഉടമകളോട് കോഴ വാങ്ങിയിട്ടാണെന്ന ആരോപണം ഉയരില്ലേ? തുപ്പാനും വിഴുങ്ങാനും വയ്യാത്ത അവസ്ഥയാണ് പാർട്ടിക്കും സർക്കാരിനും.

എല്ലാ മാസവും ഒന്നാം തിയതി മദ്യശാലകൾ അടച്ചിടുന്ന ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കണമെന്നും ബാറുകളുടെ പ്രവർത്തനസമയം കൂട്ടണമെന്നുമുള്ള ബാറുടമകളുടെ ആവശ്യത്തിൽ സി.പി.എമ്മിലോ മുന്നണിയിലോ ചർച്ച നടന്നിട്ടില്ല. പക്ഷേ, ഈ ഇളവുകൾ സർക്കാരിൽ നിന്ന് ലഭിക്കാനെന്ന പേരിൽ ഇടുക്കി ജില്ലയിലെ ഓരോ ബാർ ഹോട്ടൽ ഉടമയോടും രണ്ടര ലക്ഷം രൂപ വീതം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഫെഡറേഷൻ ഒഫ് കേരള ബാർ അസോസിയേഷൻ സംസ്ഥാന നേതാവ് അനിമോന്റേതാണ് സന്ദേശം. ഇതിനു പിന്നിൽ വൻ കോഴ ഇടപാടുണ്ടെന്നാണ് ആരോപണം. പുതിയ മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും നടന്നിട്ടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെയും മന്ത്രി റിയാസ് പറഞ്ഞിട്ടല്ല യോഗം വിളിച്ചതെന്ന ടൂറിസം ഡയറക്ടറുടെയും വാദം പ്രതിപക്ഷം മുഖവിലയ്ക്കെടുക്കുന്നില്ല.

 പ്രതിപക്ഷ ലക്ഷ്യം മുഖ്യമന്ത്രി

ശബ്ദസന്ദേശത്തിനു പിന്നാലെ എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം,ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിവരങ്ങളും പുറത്തുവന്നതോടെയാണ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെയും തിരിഞ്ഞത്. വകുപ്പ് മന്ത്രി അറിയാതെ ഡയറക്ടർ യോഗം വിളിക്കുമോ എന്നാണ് ചോദ്യം. 'ബാർ കോഴ' വിവാദത്തിൽ മന്ത്രി റിയാസിനെ മുഖ്യ സൂത്രധാരനാക്കുക വഴി പ്രതിപക്ഷം ഉന്നം വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്നാണ് വ്യാഖ്യാനം.മന്ത്രി റിയാസിനോട് സി.പി.എമ്മിലെ ഒരു വിഭാഗത്തിനുള്ള നീരസവും പ്രതിപക്ഷം മുതലെടുക്കുന്നതായി പറയുന്നു.

 കേന്ദ്ര ഏജൻസികളുടെ നീക്കം?​

ഡൽഹി മദ്യനയക്കേസിലെന്നതുപോലെ,സംസ്ഥാനത്തെ പുതിയ 'ബാർ കോഴ' വിവാദത്തിലും കേന്ദ്ര ഏജൻസികളുടെ ഇടപെടലുണ്ടാവുമോ എന്ന ആശങ്കയും ഭരണപക്ഷത്തിനുണ്ട്. ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ,ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയെന്ന വിവരമാണ് ഇതിനാധാരം.

മദ്യവില്പന സ്വകാര്യവത്കരിക്കാൻ കേജ്‌രിവാൾ സർക്കാർ കൈക്കൊണ്ട തീരുമാനമാണ് സി.ബി.ഐ, ഇ.ഡി

അന്വേഷണങ്ങൾക്കും വഴിതെളിച്ചത്. വിവാദ തീരുമാനം സർക്കാർ പിൻവലിച്ചിട്ടും,കോഴ ആരോപണം

ഉന്നയിച്ച് മുഖ്യമന്ത്രി കേജ്‌രിവാളിനെയും, എക്സൈസ് മന്ത്രി സിസോദിയയെയും മറ്റും ഇ.ഡി അറസ്റ്റ് ചെയ്തു.

കേരളത്തിലാവട്ടെ,പുതിയ മദ്യനയം സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ബാർ ഹോട്ടൽ സംഘടനാനേതാവിന്റെ ശബ്ദസന്ദേശവും,ബന്ധപ്പെട്ട സംഘടനകളെ പങ്കെടുപ്പിച്ചുള്ള ടൂറിസം ‌ഡയറക്ടറുടെ യോഗവും ആവശ്യമെങ്കിൽ 'സംസാരിക്കുന്ന തെളിവു'കളാക്കാം.

Advertisement
Advertisement