വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം വിവാദത്തിൽ : "റെസ്ക്യൂ ടീമില്ലാതെ രാജവെമ്പാലയെ പിടിക്കാൻ യുവാക്കൾ"

Tuesday 28 May 2024 12:07 AM IST

വരന്തരപ്പിള്ളി : എച്ചിപ്പാറയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത യുവാക്കളെ ഉപയോഗിച്ച് രാജവെമ്പാലയെ പിടികൂടിയത് വിവാദത്തിൽ. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ, കരുതലില്ലാതെ എച്ചിപ്പാറയിലെ ചില യുവാക്കളാണ് കൊടുംവിഷമുള്ള രാജവെമ്പാലയെ പിടികൂടിയത്. മേയ് 20ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം.

വനം വകുപ്പുകാരുടെ സാന്നിദ്ധ്യത്തിൽ യുവാക്കൾ രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റെസ്‌ക്യൂ ടീമിനെ അറിയിക്കാതെ യാതൊരു പരിചയവും ഇല്ലാത്ത പ്രദേശവാസികളായ യുവാക്കളെ ഉപയോഗിച്ച് രാജവെമ്പാലയെ പിടികൂടിയത് നിയമ വിരുദ്ധമാണെന്ന ആക്ഷേപമാണ് ഉയർന്നത്. പുഴയോരത്തെ കരിങ്കൽകെട്ടിൽ കയറിക്കൂടിയ രാജവെമ്പാലയെ നാട്ടുകാരാണ് ആദ്യം കണ്ടത്. അവർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നാട്ടിലെ ചെറുപ്പക്കാരോട് പാമ്പിനെ പിടിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അവിടെയുണ്ടായിരുന്ന രണ്ട് യുവാക്കളും ചില ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിച്ചു. കരിങ്കല്ലുകൾ മാറ്റുന്നതിനിടെ പാമ്പ് പുറത്തേക്ക് ചാടി. അതിനിടെ കൂട്ടത്തിൽ ഒരാൾ പാമ്പിന്റെ വാലിൽ പിടികൂടിയെങ്കിലും പത്തി വിടർത്തി കൊത്താൻ ശ്രമിച്ചു. പിന്നീട് പാമ്പ് വഴുതിപ്പോയി. ഇതിനിടെ പാമ്പ് പലതവണ യുവാക്കൾക്ക് നേരെ തിരിഞ്ഞെങ്കിലും അവർ കഷ്ടിച്ച് രക്ഷപ്പെട്ടു.

പുഴയിലേക്ക് രക്ഷപ്പെട്ട പാമ്പിനെ യുവാക്കൾ വീണ്ടും പിടികൂടി വനം വകുപ്പിന് കൈമാറുകയായിരുന്നു. പാമ്പിനെ പിടികൂടുന്ന സമയത്ത് വനംവകുപ്പിലെ ഉന്നതരും ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവർ എടുത്ത വീഡിയോ പുറത്തുവന്നതോടെ വനപാലകർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാമ്പ് പിടുത്തമെന്നാണ് വിവരം.

Advertisement
Advertisement