അഴീക്കോട് പഞ്ചായത്തിനായി മുറവിളി

Tuesday 28 May 2024 12:10 AM IST

കൊടുങ്ങല്ലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു വാർഡ് വീതം വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ അഴീക്കോട് ആസ്ഥാനമാക്കി പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് ജീവൻ വയ്ക്കുന്നു. ജനസംഖ്യയും ഭൂവിസ്തൃതിയും കൂടുതലുള്ള എറിയാട് പഞ്ചായത്തിനെ വിഭജിക്കണമെന്നത് ഇരുപത് വർഷമായി നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഒറ്റക്കെട്ടായ ആവശ്യമായിരുന്നു. അഴീക്കോട് ഹാർബറും അഴീക്കോട് മുനമ്പം പാലവും ഉൾപ്പെടെ വികസനപ്രവർത്തനങ്ങളാൽ അടിമുടി മാറാനൊരുങ്ങുമ്പോൾ കൂടുതൽ ഫണ്ട് ലഭിക്കാൻ രണ്ട് പഞ്ചായത്തുകളെന്ന ആവശ്യം ഗുണം ചെയ്യുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

വിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും വലിയ പഞ്ചായത്താണ് എറിയാട്. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യ അമ്പതിനായിരത്തിന് അടുത്ത് വരും. പുതിയ സെൻസസ് പ്രകാരമത് 56,000 ആകുമെന്നാണ് കണക്കുകൂട്ടൽ. പടിഞ്ഞാറ് കടലിനോട് ചേർന്ന് കിടക്കുന്ന ഇപ്പോഴത്തെ എറിയാട് പഞ്ചായത്തിന്റെ വിസ്തൃതി 16.5 ചതുരശ്ര കിലോമീറ്ററാണ്. 23 വാർഡുണ്ട്. മത്സ്യബന്ധനമാണ് മിക്കവരുടെയും ഉപജീവനമാർഗ്ഗം.

ആറാം വാർഡിൽ 1,100ഉം വാർഡ് പത്തിലും ഇരുപത്തിയൊന്നിലും 1,900ൽപരമാണ് ജനസംഖ്യ. മറ്റ് വാർഡിലത് 1,500നും മുകളിലാണ്. ആയിരം ജനസംഖ്യക്ക് ഒരു വാർഡെന്നതാണ് പഞ്ചായത്ത് രാജ് നിയമം. അതുപ്രകാരം എറിയാട് പഞ്ചായത്ത് വിഭജനത്തിന് അർഹമാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് പത്ത് വർഷങ്ങൾക്ക് മുമ്പ് രൂപരേഖ സർക്കാരിൽ സമർപ്പിച്ചതാണ്. ജനസംഖ്യ കൂടുതലും വിസ്തൃതി കൂടിയതുമായ കേരളത്തിലെ മറ്റ് ചില പഞ്ചായത്തുകൾക്കൊപ്പം വിഭജിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിൽ ഹൈക്കോടതിയിലുണ്ടായ ഒരു കേസിനെ തുടർന്ന് എറിയാട് പഞ്ചായത്ത് വിഭജന നീക്കം നിറുത്തി.

അഴീക്കോട് പഞ്ചായത്തിന് ഈ കടമ്പകൾ

പഞ്ചായത്ത് നിലവിൽ വന്നാൽ പുതിയ ജീവനക്കാരെ സൃഷ്ടിക്കണം.

ഓഫീസ് പ്രവർത്തനങ്ങൾക്കായി പുതിയ കെട്ടിടം നിർമ്മിക്കുകയോ കണ്ടെത്തുകയോ വേണം

തനതായ വരുമാനം കണ്ടെത്തണം

കൃഷിഭവൻ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി ഇവ സ്ഥാപിക്കണം

വികസനത്തിലേക്കും വൻവഴികൾ

പഞ്ചായത്തിലെ വലിയ വരുമാനമാർഗ്ഗം മത്സ്യബന്ധനവും അനുബന്ധ ജോലികളും

2025ൽ അഴീക്കോട് - മുനന്പം പാലം പണി പൂർത്തിയാകുന്നതോടെ കൊച്ചിയുമായുള്ള അകലം കുറയും (30 കിലോമീറ്ററോളം)

രണ്ട് പഞ്ചായത്തായാൽ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട്

അഴീക്കോട് ഹാർബറിന്റെ വികസനത്തിനും മത്സ്യബന്ധനമേഖലയുടെ വളർച്ചയ്ക്കും ഗുണം

Advertisement
Advertisement