വില്ലനായത് മയോണെെസ് ? പരിശോധന കടുപ്പിക്കും

Tuesday 28 May 2024 12:18 AM IST

തൃശൂർ: പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 85 പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റ സംഭവത്തിൽ വില്ലനായത് മയോണൈസെന്ന് പ്രാഥമിക നിഗമനം. മഴക്കാലത്ത് കൂടുതൽ ഭക്ഷ്യവിഷബാധയ്ക്ക് വഴിയൊരുക്കുന്ന പശ്ചാത്തലത്തിൽ വ്യാപകമായി പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം. ഹോട്ടലിൽ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്‌സൽ കൊണ്ടുപോയി കഴിച്ചവർക്കുമെല്ലാം വിഷബാധയേറ്റിരുന്നു.

ആരോഗ്യ വകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്‌റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് മയോണൈസ് വില്ലനായതായി സൂചന ലഭിച്ചത്. രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം വരും. അപ്പോഴേ ഇത് സ്ഥിരീകരിക്കാനാവൂ. മുൻപും ഭക്ഷ്യവിഷബാധയ്ക്ക് മയോണൈസ് കാരണമായി. തുടർന്ന്, സംസ്ഥാനത്തെ ഹോട്ടലിലും റെസ്റ്റോറന്റിലും ഉൾപ്പെടെ എല്ലായിടത്തും പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ഒഴിവാക്കിയിരുന്നു. പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസാണ് വിതരണം ചെയ്യുകയെന്ന് ഹോട്ടലുടമകൾ വ്യക്തമാക്കിയിരുന്നെങ്കിലും ശരിയായ രീതിയിൽ പാകം ചെയ്യാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.

ഗുരുതരമായി ബാധിക്കും

പൂർണമായി വേവിക്കാത്ത മുട്ട ഉപയോഗിക്കുന്നതിനാൽ മയോണൈസിൽ സാൽമൊണല്ല ബാക്ടീരിയ വളരാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ പനി, വയറിളക്കം എന്നിവയുണ്ടാകാം. അത് പെട്ടെന്ന് ഗുരുതരമാകാനും സാദ്ധ്യതയുണ്ട്. മയോണൈസിൽ കലോറി കൂടുതലാണ്. അതുകൊണ്ട് കൂടുതൽ കലോറി ശരീരത്തിലെത്തുന്നതിന് കാരണമാകും.

ട്രോളിംഗിലും പരിശോധന

ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വൻതോതിൽ അന്യസംസ്ഥാന മത്സ്യങ്ങൾ കേരളത്തിലെത്തും. കഴിഞ്ഞവർഷങ്ങളിൽ ഈ സമയത്ത് ചീഞ്ഞ മത്സ്യങ്ങൾ ധാരാളം പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് ഇറച്ചി ഉത്പന്നങ്ങളിലെന്ന പോലെ മത്സ്യങ്ങളിലും പരിശോധനയുണ്ടാകും. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസമാണ് നിരോധനം.

ഇഷ്ടഭക്ഷണം, പക്ഷേ,

ഷവർമ, കുഴിമന്തി എന്നിവയിൽ അതിനൊപ്പമുള്ള ഒന്നാണ് മയോണൈസ്.
ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്
മുട്ട കഴുകി ചെറുതായി ചൂടാക്കി വെള്ളം ഉപയോഗിച്ച് വേണം തയ്യാറാക്കാൻ
സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവുന്നത് പരമാവധി രണ്ട് മണിക്കൂർ മാത്രം

ഹോട്ടലിലുണ്ടായ ഭക്ഷ്യവിഷബാധയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിഷബാധയ്ക്ക് കാരണമായത് മയോണൈസ് ആണെന്നാണ് പ്രാഥമിക നിഗമനം. പരിശോധനാ ഫലം വന്നശേഷം തുടർനടപടികളുണ്ടാകും.

ഫുഡ് സേഫ്‌റ്റി അസി.കമ്മിഷണർ.

Advertisement
Advertisement