മാവോയിസ്റ്റുകളുടെ ഭീഷണി: പദ്മശ്രീ പുരസ്കാരം തിരികെ നൽകും; രക്ഷയൊരുക്കണമെന്നും ഹേംചന്ദ് മാഞ്ചി

Tuesday 28 May 2024 12:30 AM IST

റായ്പൂർ : മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് പദ്മശ്രീ പുരസ്കാരം തിരികെ നൽകുന്നതായി പ്രഖ്യാപിച്ച് വൈദ്യശാസ്ത്ര പരിശീലകൻ ഹേം ചന്ദ് മാഞ്ചി. ബഹുമതി തിരിച്ചുനൽകാനും തന്റെ വൈദ്യപരിശീലനം അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് മാഞ്ചി കൂട്ടിചേർത്തു. 72-കാരനായ മാഞ്ചിയെ കഴിഞ്ഞ മാസമാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ഛത്തീസ്ഗഢിലെ നാരായൺപൂരാണ് മാഞ്ചിയുടെ സ്വദേശം. കഴിഞ്ഞ ദിവസം രാത്രിയിൽ നാരായൺപൂരിലെ ചമേലി ഗ്രാമത്തിൽ മൊബൈൽ ടവറിന് തീയിട്ട ശേഷം മാവോയിസ്റ്റുകൾ മാഞ്ചിക്കെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. പോസ്റ്ററിൽ മാഞ്ചി രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പത്മശ്രീ സ്വീകരിക്കുന്ന ചിത്രവും ഉണ്ടായിരുന്നു.

നാരായൺപൂരിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾ എതിർക്കുന്ന ആംദായ് ഇരുമ്പ് ഖനി കമ്മിഷൻ ചെയ്തത് മാഞ്ചിയുടെ അറിവോടെയാണെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഇത് മാഞ്ചി നിഷേധിച്ചു. ഇതോടെയാണ് പത്മശ്രീ തിരികെ നൽകുന്നുയെന്ന് മാഞ്ചി പ്രഖ്യാപിച്ചത്. തനിക്ക് സുരക്ഷയുള്ള വീട് നൽകാൻ അധികൃതർ തയ്യാറാകണമെന്ന് മാഞ്ചി വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

Advertisement
Advertisement