നരബലി: മാനസിക വൈകല്യമുള്ള പിതാവ് നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

Tuesday 28 May 2024 12:32 AM IST

ഛത്തീസ്​ഗഡ്: മാനസിക വൈകല്യമുള്ള പിതാവ് നാല് വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഛത്തീസ്​ഗഡിലെ ആദിവാസി പ്രാമുഖ്യമുള്ള പ്രദേശമായ ബൽറാംപൂരിലാണ് സംഭവം. സംഭവത്തിൽ കമലേഷ് ന​ഗേസിയ (26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരബലിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കുറച്ച് ദിവസങ്ങളായി തന്റെ മനസിൽ ആരെയെങ്കിലും ബലിയർപ്പിക്കണം എന്നാവശ്യപ്പെടുന്ന ശബ്ദം കേൾക്കുന്നുണ്ടെന്ന് യുവാവ് കുടുംബത്തോട് പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ചയാണ് പ്രതി കൃത്യം നടത്തിയത്. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കമലേഷ് ഭാര്യയോടും മക്കളോടുമൊപ്പം ഉറങ്ങാൻ കിടന്നു. കുറച്ച് കഴിഞ്ഞ് പുറത്തിറ‌ങ്ങിയ പ്രതി ഒരു കോഴിയെ കൊന്നു. പിന്നാലെ മകനെ വിളിച്ചുവരുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിയെഴുന്നേറ്റ ഭാര്യ മകനെ കാണാതായതോടെ ഭർത്താവിനോട് തിരക്കിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഭാര്യ അയൽവാസികളെ വിവരമറിയിക്കുകയും പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു. നേരത്തെ പ്രതി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് ബന്ധുക്കൾ ഇടപെട്ട് തടഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Advertisement
Advertisement