മണ്ണിടിച്ചിൽ;മൂന്ന് റാറ്റ് ഹോൾ മൈനേഴ്സ് കുടുങ്ങി രക്ഷാപ്രവർത്തനം തുടരുന്നു

Tuesday 28 May 2024 12:34 AM IST

ഗുവാഹത്തി : അസാമിലെ അരുണാചൽ അതിർത്തി മേഖലയായ ടിൻസുകിയിൽ അനധികൃത ഖനിയിൽ കുടുങ്ങിയവരെ മൂന്ന് തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിവസവും തുടരുന്നതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 12:30 ഓടെ ബർഗോലായ്, നംദാങ് പ്രദേശങ്ങൾക്കിടയിലുള്ള ലെഡോയുടെ ടിക്കോക്ക് വെസ്റ്റ് മൈനിംഗ് സൈറ്റിലായിരുന്നു അപകടം. നേപ്പാളിൽ നിന്നുള്ള ദവ ചെർപ്പ, മേഘാലയയിൽ നിന്നുള്ള ജോൺ, ഫെനാൽ എന്നീ മൂന്ന് പേർ റാറ്റ് ഹോൾ ഖനിയിൽ കുടുങ്ങി കിടക്കുന്നത്. ആകെ ഏഴ് തൊഴിലാളികളായിരുന്നു അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നത്.

ഖനിയിൽ കുടുങ്ങിയവർ മരിച്ചത്തായി കരുതപ്പെടുന്നു, എന്നാൽ മൃതദാഹം കണ്ടെത്തുന്നതുവരെ അക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി എക്‌സ്‌കവേറ്ററുകളും മറ്റ് ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാറ്റ് ഹോൾ മൈനർ

മണ്ണിൽ എലിമാളം പോലെയുള്ള ചെറിയ തുരങ്കങ്ങളുണ്ടാക്കി അതിൽ കയറി ഖനനം നടത്തുന്നവരെയാണ് റാറ്റ് ഹോൾ മൈനേഴ്സ് എന്ന് വിളിക്കുന്നത്. വളരെയേറെ അപകട സാധ്യതയുള്ള പ്രവൃത്തിയായതിനാൽ രാജ്യത്ത് ഇത് നിരോധിച്ചിട്ടുണ്ട്. എന്നാൽ, ചെലവ് കുറഞ്ഞ രീതിയായതിനാൽ നിയമംലംഘിച്ചും വൻതോതിൽ ഇത്തരം ഖനനം നടക്കുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കം തകർന്ന് തൊഴിലാളികൾ അകത്ത് കുടുങ്ങിയപ്പോൾ ഇവരെ രക്ഷപ്പെടുത്താൻ നിയോഗിച്ചത് റാറ്റ് ഹോൾ മൈനർമാരെയായിരുന്നു.

രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതൽ 100 മീറ്റർവരെ ആഴത്തിലുള്ള തുരങ്കങ്ങൾ നിർമിക്കുന്നവരാണ് റാറ്റ് ഹോൾ മൈനേഴ്സ്. എലികൾ തുരക്കുന്നതിനു സമാനമായാണ് ഇവരും ദുർഘടംപിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത്. അതുകൊണ്ടാണ് 'റാറ്റ്‌ഹോൾ മൈനേഴ്സ്' അഥവാ 'എലിമട ഖനന തൊഴിലാളികൾ' എന്ന് വിളിക്കപ്പെടുന്നത്.

Advertisement
Advertisement