മെഡിക്കൽ പരിശോധനയ്ക്ക് ഇടക്കാല ജാമ്യം നീട്ടണം: കേജ്‌രിവാൾ

Tuesday 28 May 2024 12:34 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പിന് ശേഷം രണ്ടാം തീയതി ഡൽഹി തീഹാർ ജയിലിൽ കേജ്‌രിവാൾ കീഴടങ്ങണമെന്നാണ് കോടതിയുടെ നിർദ്ദേശം. എന്നാൽ,മെഡിക്കൽ പരിശോധനകൾക്കായി ഒരാഴ്ച്ച കൂടി ഇടക്കാല ജാമ്യം നീട്ടണമെന്ന് കേജ്‌രിവാൾ ഇന്നലെ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടു. ജൂൺ ഒൻപതിന് കീഴടങ്ങാം. സി.ടി. സ്‌കാനും,മറ്റു മെഡിക്കൽ പരിശോധനകളും നടത്തണം. മാർച്ച് 21ലെ ഇ.ഡി അറസ്റ്റിന് ശേഷം ഏഴ് കിലോയോളം ശരീരഭാരം കുറഞ്ഞുവെന്നും ചൂണ്ടിക്കാട്ടി. മേയ് 10നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി മദ്ധ്യവേനൽ അവധിയിലാണ്. ജാമ്യം അനുവദിച്ച ബെഞ്ച് തന്നെ അപേക്ഷ പരിഗണിക്കുമോ,​അതല്ല അവധിക്കാല ബെഞ്ചിന് മുന്നിലെത്തുമോ എന്നത് ചീഫ് ജസ്റ്രിസ് തീരുമാനിക്കുമെന്നാണ് സൂചന.

ക്യാൻസറോ ?​

കേജ്‌രിവാളിന് ക്യാൻസറാണെന്ന സംശയവുമായി ആം ആദ്മി പാർട്ടി നേതാക്കൾ. രക്തത്തിലെ ഷുഗറിന്റെയും കീറ്റോണിന്റെയും അളവ് കൂടുതലായതിനാൽ കേജ്‌രിവാളിന് ക്യാൻസറോ,ഗുരുതരമായ വൃക്കരോഗം തുടങ്ങിയ അസുഖങ്ങളുണ്ടെന്ന ആശങ്കയാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. അതിനാൽ പെറ്ര് സ്‌കാൻ തുടങ്ങിയ പരിശോധനകൾ നടത്താൻ ഡോക്‌ടർമാർ നിർദ്ദേശിച്ചിരിക്കുകയാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു. അത്തരം രോഗമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ആരംഭിക്കണമെന്നും അതിഷി വ്യക്തമാക്കി.

Advertisement
Advertisement