പ്രകടനപത്രിയിലെ ധനസഹായ വാഗ്ദാനം കൈക്കൂലിയല്ല: സുപ്രീംകോടതി

Tuesday 28 May 2024 12:39 AM IST

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിലെ ധനസഹായ വാഗ്ദാനം കൈക്കൂലിയായി കാണാനിവില്ലെന്ന് സുപ്രീംകോടതി. ജനപ്രാതിനിധ്യ നിയമത്തിലെ കൈക്കൂലിയുടെ പരിധിയിൽ വരുമെന്ന വാദം ജസ്റ്റിസുമാരായ സൂര്യകാന്ത്,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. കർണാടകയിലെ ചാംരാജ്‌പേട്ട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് വോട്ടർ ശശാങ്ക ജെ. ശ്രീധര സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പ്രകടനപത്രികയിൽ ധനസഹായം വാഗ്ദാനം ചെയ്‌ത കോൺഗ്രസിലെ സമീർ അഹമ്മദ് ഖാന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം,തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Advertisement
Advertisement