പ്രജ്വൽ നാട്ടിലേക്ക്; 31ന് കീഴടങ്ങും

Tuesday 28 May 2024 12:39 AM IST

ബംഗളൂരു: ലൈംഗികാതിക്രമകേസിൽ ആരോപണ വിധേയനായി ഒളിവിൽ കഴിയുന്ന ബി.ജെ.പി സ്ഥാനാർത്ഥിയും എം.പിയുമായ പ്രജ്വൽ രേവണ്ണ 31ന് ബം​ഗളൂരുവിലെത്തി കീഴടങ്ങുമെന്ന് റിപ്പോർട്ട്. ജർമനിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതായി പ്രജ്വൽ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർക്ക് അയച്ച വീഡിയോയിൽ പറയുന്നു. കന്നഡയിൽ പുറത്തുവിട്ട വിഡിയോയിലാണ് പ്രജ്വൽ ഇക്കാര്യം വ്യക്തമാക്കിയത്. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയാണ് തീരുമാനം. പ്രജ്വലിനായി കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മാതാപിതാക്കളോട് പറയാതെ വിദേശത്തേക്ക് പോയതിന് മാപ്പ് ചോദിക്കുന്നുവെന്നും പ്രജ്വൽ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. തനിക്ക് വിഷാദരോ​ഗം ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തനിക്കെതിരെ കേസില്ല. വിദേശയാത്ര മുൻകൂട്ടി തീരുമാനിച്ചിരുന്നു. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്. അതേസമയം, രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം വീഡിയോയിലൂടെ ആരോപിച്ചു. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്നും ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 27 മുതൽ ഒളിവിൽ കഴിയുന്ന പ്രജ്വലിനെതിരെ സംസ്ഥാന സർക്കാരും, മുൻ പ്രധാനമന്ത്രിയും, പ്രജ്വലിന്റെ മുത്തച്ഛനുമായ എച്ച്.ഡി. ദേവഗൗഡയും മുന്നോട്ട് വന്നിരുന്നു.

Advertisement
Advertisement