ഗെയിമിംഗ് സെന്റർ തീപിടിത്തം, സർക്കാരിനെ വിശ്വാസമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

Tuesday 28 May 2024 12:39 AM IST

അഹമ്മദാബാദ് : 9 കുഞ്ഞുങ്ങളുൾപ്പെടെ 33 പേരുടെ ജീവനെടുത്ത രാജ്കോട്ട് ഗെയിമിംഗ് സെന്റർ തീപിടിത്തത്തിൽ സംസ്ഥാന ബി.ജെ.പി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി.

അനധികൃത സെന്റർ മൂന്നു വർഷമായി പ്രവർത്തിച്ചിട്ടും കാഴ്ചക്കാരായി നിന്ന സർക്കാരിനെ വിശ്വാസിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. സ്വമേധയാ കേസെടുക്കുകയായിരുന്നു.

രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷന്റെ വീഴ്ചകളെയും ഒന്നൊന്നായി എടുത്തുപറഞ്ഞ് വിമർശിച്ചു. അഗ്നിക്കിരയായ ഗെയിമിംഗ് സെന്റർ ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് പ്രവർത്തിച്ചത്. പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് കോർപറേഷൻ ബോധിപ്പിച്ചപ്പോൾ ബിരൻ വൈഷ്ണവും ദേവൻ ദേശായിയും ഉൾപ്പെട്ട ബെഞ്ച് പൊട്ടിത്തെറിച്ചു. ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നോ എന്ന് കോടതി ചോദിച്ചു. 2021ൽ സെന്റർ പ്രവർത്തിച്ചു തുടങ്ങിയതു മുതൽ ഇങ്ങോട്ടുള്ള മുനിസിപ്പൽ കമ്മിഷണർമാർ ഉത്തരവാദികളാണ്. ഓരോരുത്തരും പ്രത്യേകം പത്യേകം വിശദീകരണം സമർപ്പിക്കണം.

അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന രണ്ട് ഗെയിമിംഗ് സെന്ററുകളുണ്ടെന്നും 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. നാല് വർഷത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആറ് സംഭവങ്ങളുണ്ടായതായി കോടതി നിരീക്ഷിച്ചു.

കോടതി വിമർശനത്തന് പിന്നാലെ രാജ്കോട്ട് മുനിസിപ്പൽ,​ പൊലീസ് കമ്മിഷണർമാരെ സർക്കാർ സ്ഥലംമാറ്റി. അഹമ്മദാബാദ് പൊലീസ് കമ്മിഷണറെ രാജ്കോട്ടിൽ നിയമിച്ചു.

സെന്ററിൽ 3000

ലിറ്റർ ഡീസൽ

തീപിടിത്ത കാരണം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. സെന്ററിന്റെ അടുത്തുള്ള വെൽഡിംഗ് കേന്ദ്രത്തിൽ നിന്നാണ് തീ പടർന്നത്. സെന്ററിൽ സൂക്ഷിച്ചിരുന്ന ഇന്ധന ക്യാനിനുള്ളിലേക്ക് പടർന്നതോടെ തീഗോളമായി. മൂവായിരത്തിലധികം ലിറ്റർ ഡീസൽ സെന്ററിൽ സൂക്ഷിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ഗെയിമിംഗ് സെന്റർ ഉടമകളായ യുവരാജ് സിംഗ് സോളങ്കിയും പ്രകാശ് ജെയിനും അറസ്റ്റിലായിരുന്നു. നരഹത്യക്കുറ്റമുൾപ്പെടെ ചുമത്തിയിട്ടുണ്ട്.

യു.പി ആശുപത്രിയിൽ

തീപിടിത്തം,​ ആളപായമില്ല

അതിനിടെ,​ ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ആസ്ത ആശുപത്രിയിൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. കുട്ടികളുൾപ്പെടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 15 പേരെയും പെട്ടെന്ന് രക്ഷപ്പെടുത്തി. മുകളിലത്തെ നിലയിലാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ആശുപത്രിയിലെ ഫയർ സേഫ്റ്റി ജീവനക്കാരും മറ്റുള്ളവരും ചേർന്നാണ് തീ അണച്ചത്.

Advertisement
Advertisement