ബംഗാളിലും ബംഗ്ലാദേശിലും നാശം വിതച്ച് റീമൽ: 16 മരണം

Tuesday 28 May 2024 12:42 AM IST

കോൽക്കട്ട: റീമൽ ചുഴലിക്കാറ്റിൽ തെക്കൻ ബംഗ്ലാദേശിലും പശ്ചിമ ബംഗാളിന്റെ തീരങ്ങളിലും വ്യാപക നാശമുണ്ടായി. മഴയിലും കാറ്റിലും രണ്ടിടങ്ങളിലുമായി 16 പേർ മരിച്ചു. ബംഗ്ലാദേശിൽ 10 പേരും പശ്ചിമ ബംഗാളിൽ ആറുപേരുമാണ് ദുരന്തത്തിനിരയായത്.

മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ ബംഗ്ലാദേശിലെ തെക്കൻ തുറമുഖമായ മോൻഗ്ലയ്ക്കും ബംഗാളിലെ സാഗർ ഐലൻഡിനുമിടയിൽ ഞായറാഴ്ച രാത്രി 9നാണ് റീമൽ കരതൊട്ടത്. രാവിലെ പാതുഖാലി ജില്ലയിൽ പ്രവേശിച്ചപ്പോഴേക്കും വേഗത 111 കിലോമീറ്ററായി കുറഞ്ഞു. വടക്കൻ ദിശയിലേക്ക് നീങ്ങി വൈകിട്ടോടെ വീണ്ടും ശക്തി കുറഞ്ഞത് ആശ്വാസമായി.

റീമൽ ബംഗ്ലാദേശിലാണ് കൂടുതൽ നാശം വിതച്ചത്. 30,000 വീടുകൾ തകർന്നു. വൈദ്യുതി വിതരണം താറുമാറായതോടെ 30 ലക്ഷത്തോളം പേർ ഞായറാഴ്ച രാത്രി മുതൽ ഇരുട്ടിലായി. ധാക്കയിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.

ബംഗാളിൽ നാല് പേർ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. കൊൽക്കത്തയിൽ മതിൽ ഇടിഞ്ഞുവീണ് ഒരാളും സുന്ദർബനിൽ വീട് തകർന്ന് ഒരു സ്ത്രീയും മരിച്ചു. കൊൽക്കത്തയിലെ തെരുവുകളിൽ വെള്ളംകയറി. നിരവധി മരങ്ങൾ വീണു. സംസ്ഥാനത്തുടനീളം 1,003 വീടുകൾ തകർന്നു.

ട്രെയിൻ,​ വ്യോമ ഗതാഗതം

പുനഃസ്ഥാപിച്ചു

റീമൽ ദുർബലപ്പെട്ടതോടെ കൊൽക്കത്തയിൽ നിന്നുള്ള വിമാന സർവീസുകളും ട്രെയിൻ ഗതാഗതവും ഇന്നലെ പുനഃസ്ഥാപിച്ചു. റീമലിന് മുന്നോടിയായി 8,​00,000 പേരെ ബംഗ്ലാദേശും 1,​10,000 പേരെ ഇന്ത്യയും മാറ്റിപ്പാർപ്പിച്ചിരുന്നു.

Advertisement
Advertisement