ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വടകരയിലെ വിജയാഘോഷം രാത്രി ഏഴ് വരെ മാത്രം

Tuesday 28 May 2024 12:49 AM IST

വടകര: വടകര മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വിജയാഘോഷത്തിന് നിയന്ത്രണം. ജൂൺ നാലിന് രാത്രി ഏഴ് വരെ മാത്രമേ വിജയികൾ ആഹ്ലാദ പ്രകടനം നടത്താവൂ. അതേസമയം വാഹന ഘോഷയാത്ര അനുവദിക്കില്ല. ദേശീയതലത്തിൽ വിജയിക്കുന്ന മുന്നണിക്ക് പിറ്റേദിവസം ആഹ്ലാദ പ്രകടനം നടത്താം. രാത്രി ഏഴു വരെയാണ് ഇതിനും അനുമതിയുള്ളത്.

വടകരയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.

റൂറൽ എസ്.പി ഓഫീസിൽ ഉത്തരമേഖലാ ഡി.ഐ.ജിയാണ് യോഗം വിളിച്ചത്. മുഴുവൻ തിരഞ്ഞെടുപ്പ് ബാനറുകളും പോസ്റ്ററുകളും നീക്കും. വ്യാജ കാഫിർ പ്രയോഗത്തിൽ പ്രതികളെ പിടികൂടാത്തതിൽ യു.ഡി.എഫ് നേതാക്കൾ പ്രതിഷേധമറിയിച്ചു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് സൂചന കിട്ടിയെന്ന് ഡി.ഐ.ജി അറിയിച്ചതായും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയതായും നേതാക്കൾ അറിയിച്ചു.

'കാഫിർ" സ്ക്രീൻ ഷോട്ട് വിഷയം നിരവധി പാരാതികളുടെ കൂട്ടത്തിൽ ഒന്നു മാത്രമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. വർഗീയ ധ്രുവീകരണം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പരാതികൾ പരിഹരിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നിഷ്പക്ഷമായി ഇടപെടണമെന്ന് യു.ഡി.എഫ് ചെയർമാൻ കെ. ബാലനാരായണൻ പറഞ്ഞു.

Advertisement
Advertisement