തീപിടിത്തം: ഡൽഹി ആശുപത്രി തരികിട

Tuesday 28 May 2024 12:50 AM IST

ന്യൂഡൽഹി: ശനിയാഴ്ച തീപിടിത്തത്തിൽ ഏഴു നവജാത ശിശുക്കൾ കൊല്ലപ്പെട്ട കിഴക്കൻ ഡൽഹിയിലെ വിവേക് ​​വിഹാർ ബേബി കെയർ ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായി. ആശുപത്രി ഉടമ ഡോ. നവീൻ ഖിച്ചി, ഡ്യൂട്ടി ഡോക്‌ടർ ആകാശ് എന്നിവരെ ഡൽഹി കോടതി മേയ് 30വരെ റിമാൻഡിൽ വിട്ടു. മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്. രക്ഷപ്പെട്ട അഞ്ചു കുട്ടികൾ വെന്റിലേറ്ററിലാണ്.

അറസ്റ്റിലായ ഡ്യൂട്ടി ഡോക്‌ടർ ആകാശിന് ആയുർവേദത്തിലാണ് ബിരുദം. അതേസമയം ആശുപത്രി ഉടമയ്‌ക്ക് പീഡിയാട്രിക്‌സിൽ എം.ഡിയുണ്ട്. ദന്തഡോക്ടറാണ് ഭാര്യ. ഇവർക്ക് ഡൽഹിയിൽ മൂന്ന് ക്ലിനിക്കുകളുണ്ട്.

മാർച്ച് 31ന് കാലാവധി പൂർത്തിയായ രജിസ്ട്രേഷനുമായാണ് ആശുപത്രി പ്രവർത്തിച്ചത്. അഞ്ചു കിടക്കകൾക്കാണ് അനുമതിയെങ്കിലും അപകടമുണ്ടായ സമയത്ത് 12 കുട്ടികളെ കിടത്തി ചികിത്സിച്ചിരുന്നു.

അഗ്നിശമന ഉപകരണങ്ങൾ ആശുപത്രിയിൽ സ്ഥാപിച്ചിരുന്നില്ല. എമർജൻസി വാതിലുമില്ലായിരുന്നു. രണ്ടാം നിലയിൽ 27 ഓക‌്‌സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. ഇതിൽ അഞ്ചെണ്ണം പൊട്ടിത്തെറിച്ചു.

Advertisement
Advertisement