ബിഹാറിൽ റാലിക്കിടെ രാഹുലിന്റെ വേദി തകർന്നു

Tuesday 28 May 2024 12:51 AM IST

ന്യൂഡൽഹി: ബീഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാക്കളായ തേജസ്വി യാദവ്, മിസാ ഭാരതി എന്നിവർ പങ്കെടുത്ത റാലിക്കിടെ സ്റ്റേജിന്റെ ഒരു ഭാഗം താണുപോയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിൽ തേജസ്വിയുടെ കാലുളുക്കി.

പാട്ലിപുത്ര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന മിസാ ഭാരതിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച റാലിക്കു വേണ്ടി പാട്‌നയ്‌ക്കു വെളിയിൽ പാലിഗഞ്ചിൽ തയ്യാറാക്കിയ സ്റ്റേജിന്റെ ഭാഗമാണ് നേതാക്കൾ കയറിയ പാടെ താണത്. രാഹുൽ വേദിയിലെത്തിയ ശേഷം സ്ഥാനാർത്ഥി മിസാഭാരതിയ്‌ക്കൊപ്പം കൈയുർത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്യാനൊരുങ്ങുമ്പോഴാണ് സംഭവം. രണ്ടു തവണ സ്റ്റേജിന്റെ ഒരു ഭാഗം താണു.നേതാക്കൾ ബാലൻസ് തെറ്റി വീഴാനൊരുങ്ങി. സുരക്ഷാ ഉദ്യോഗസ്ഥർ സഹായിക്കാൻ ഒാടിയെത്തിയപ്പോഴേക്കും രാഹുൽ ബാലൻസ് വീണ്ടെടുത്തു. ആശങ്കാകുലരായ സുരക്ഷാ ഉദ്യോഗസ്ഥരോടും സദസിനോടും കുഴപ്പമില്ലെന്ന് രാഹുൽ പറഞ്ഞു. കാലുളുക്കിയ തേജസ്വിയെ മറ്റു നേതാക്കൾ താങ്ങിപ്പിടിച്ചാണ് നടത്തിയത്. നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ സ്റ്റേജിലുണ്ടായിരുന്നു. സ്റ്റേജിന് തകരാറില്ലെന്ന് ഉറപ്പാക്കിയ ശേഷം റാലി തുടർന്നു.

Advertisement
Advertisement