പാപ്പുവ ന്യൂഗിനി: മണ്ണിനടിയിൽ 2,​000 പേർ

Tuesday 28 May 2024 7:33 AM IST

പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ ജീവനോടെ മണ്ണിനടിയിൽപ്പെട്ടത് 2,000 ത്തിലേറെ പേരെന്ന് റിപ്പോർട്ട്.

രാജ്യത്തെ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ( യു.എൻ )​ കൈമാറിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്ക്. 670 പേരെങ്കിലും മണ്ണിനടിയിൽപ്പെട്ടു കാണാമെന്ന് യു.എൻ ഞായറാഴ്ച അറിയിച്ചതിന് പിന്നാലെയാണിത്.

വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് വടക്കൻ പാപ്പുവ ന്യൂഗിനിയിലെ എൻഗ പ്രവിശ്യയിലെ കാവോകലം എന്ന ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഗ്രാമം പൂർണമായും മണ്ണിനടിയിലായി. പർവതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ഇവിടെ ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ഫലപ്രദമാകുന്നില്ല.

ചിലയിടങ്ങളിൽ 32 അടി വരെ മണ്ണും അവശിഷ്ടങ്ങളും കുന്നുകൂടി. വെറും ആറ് മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. അപകടത്തിന് മുമ്പ് ഏകദേശം 3,800 പേരാണ് ഗ്രാമത്തിലുണ്ടായിരുന്നത്.

Advertisement
Advertisement