ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ ഉച്ചകോടി: രോഷാകുലരായി ഉത്തര കൊറിയ

Tuesday 28 May 2024 7:34 AM IST

സോൾ: കൊറിയൻ ഉപദ്വീപിൽ ആണവ നിരായുധീകരണത്തിന് പ്രതിജ്ഞാബദ്ധരാണെന്ന ചൈനയുടെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും സംയുക്ത പ്രഖ്യാപനത്തിനെതിരെ രോഷാകുലരായി ഉത്തര കൊറിയ. പ്രഖ്യാപനം തങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഗുരുതരമായ രാഷ്ട്രീയ പ്രകോപനമാണെന്ന് ഉത്തര കൊറിയ പ്രതികരിച്ചു.

ഇന്നലെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നടന്ന ഉച്ചകോടിയിലായിരുന്നു മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനം. സുരക്ഷ, പ്രാദേശിക സമാധാനം എന്നിവയിൽ സഹകരണം തുടരുമെന്നും വ്യക്തമാക്കി.

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ പങ്കെടുത്തു. 2019ന് ശേഷമുള്ള മൂന്ന് രാജ്യങ്ങളുടെയും ആദ്യ സംയുക്ത ഉച്ചകോടിയായിരുന്നു ഇത്.

 വിക്ഷേപണം പരാജയം

ഉച്ചകോടിക്ക് പിന്നാലെ ഇന്നലെ രാത്രി ഉത്തര കൊറിയ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചെങ്കിലും റോക്കറ്റ് എൻജിൻ പൊട്ടിത്തെറിച്ചതോടെ പരാജയപ്പെട്ടു. ജൂൺ 4നകം രണ്ടാമത്തെ ചാര ഉപഗ്രഹം വിക്ഷേപിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിലായിരുന്നു അപ്രതീക്ഷിത നീക്കം. നവംബറിലായിരുന്നു ആദ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണം.

Advertisement
Advertisement