ചെകുത്താന്റെ ഐസ്ക്രീം !

Tuesday 28 May 2024 7:35 AM IST

ലണ്ടൻ: നല്ല തണുത്ത വിവിധ രുചികളിലെ ഐസ്ക്രീം ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. തണുപ്പ് പോലെ തന്നെ മധുരമാണ് ഐസ്ക്രീമിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. എന്നാൽ നല്ല തണുത്ത എരിവുള്ള ഐസ്ക്രീമിനെ പറ്റി കേട്ടിട്ടുണ്ടോ ?​ എരിവെന്ന് പറഞ്ഞാൽ സാധാരണ എരിവല്ല. ഏകദേശം 1,569,300 സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവോട് കൂടിയ ഐസ്ക്രീം. പേര്, റെസ്പിറോ ഡെൽ ഡിയവോളോ' അഥവാ ' ചെകുത്താന്റെ ശ്വാസം.'

സാധാരണ നല്ല എരിവോട് കൂടിയ പിരി പിരി മുളകിന് 50,000 -175,000 സ്കോവിൽ സ്കെയിൽ യൂണിറ്റ് എരിവാണുള്ളത്. ലോകത്തെ ഏറ്റവും എരിവുള്ള മുളകുകളിൽ ഒന്നായ കാരലൈന റീപ്പറുകൾ ഉപയോഗിച്ചാണ് ചെകുത്താൻ ഐസ്ക്രീം തയാറാക്കുന്നത്. സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലുള്ള ആൽഡിവിച് കഫേ ആൻഡ് ഐസ്ക്രീം പാർലർ ആണ് ഈ ഐസ്ക്രീമിന്റെ നിർമ്മാതാക്കൾ.

കഠിനമായ എരിവുള്ളതിനാൽ 18 വയസിന് മുകളിലുള്ള ആവശ്യക്കാർക്ക് മാത്രമേ ഈ ഐസ്ക്രീം വിൽക്കുകയുള്ളു. കൂടാതെ, ഐസ്ക്രീം കഴിച്ച് എന്തെങ്കിലും സംഭവിച്ചാൽ സ്വന്തം ഉത്തരവാദിത്വം മാത്രമാണെന്നും റെസ്റ്റോറന്റിന് ബാധ്യതയില്ലെന്നും കാട്ടുന്ന പത്രത്തിൽ ആദ്യം ഒപ്പിടുകയും വേണം.

സ്പിറോ ഡെൽ ഡിയവോളോ ഐസ്ക്രീമിന്റെ റെസിപി സീക്രട്ടാണ്. 2018ൽ ആദ്യമായി അവതരിപ്പിച്ച ഈ ഐസ്ക്രീം സ്കൂപ്പിന് 235 രൂപ വരെയാണ് വില. ഏതായാലും എരിവ് ഉപയോഗിക്കാത്തവർ ഈ ഐസ്ക്രീമിന്റെ അരികിലേക്ക് പോകരുതെന്ന് ഐസ്ക്രീം പരീക്ഷിച്ച ചിലർ പറയുന്നു. ഐസ്ക്രീം കഴിച്ചവരിൽ ചിലർക്ക് ബോധക്ഷയം മുതൽ പാനിക് അറ്റാക്ക് വരെ വന്നതായി പറയപ്പെടുന്നു. ലോകത്തെ ഏറ്റവും അപകടകരമായ ഐസ്ക്രീം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

Advertisement
Advertisement