യെല്ലോസ്റ്റോണിലുണ്ട് ഭീമൻ വൈറസുകൾ

Tuesday 28 May 2024 7:35 AM IST

ന്യൂയോർക്ക്: യു.എസിലെ പ്രശസ്തമായ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ നിന്ന് അവിശ്വസനീയമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. 150 കോടി വർഷം പഴക്കമുള്ള ഭീമൻ വൈറസുകളാണ് അത്. ' ഭീമൻ ' എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇവ മനുഷ്യർക്ക് ഭീഷണിയല്ല.

സാധാരണ വൈറസുകളെ അപേക്ഷിച്ച് ഇവയുടെ ജീനോം അസാധാരണാം വിധം വലുതാണ്. അതിനാലാണ് ഭീമൻ എന്ന് ഉദ്ദേശിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിലെ ആദ്യത്തെ ഏക കോശ ജീവികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ സമയത്തെ കുറിച്ചുള്ള ഉൾക്കാഴ്ച ഈ വൈറസുകളിലൂടെ ലഭിക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു. യെല്ലോ സ്റ്റോണിലെ ചൂട് നീരുറവകളിലൊന്നായ ദ ലമനേഡ് ക്രീക്കിൽ നിന്നാണ് പഠനത്തിനായി ഗവേഷകർ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചത്.

111 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ് ലമനേഡ് ക്രീക്കിലെ ജലത്തിന്റെ താപനില. നീരുറവകളിലെ കഠിനമായ ചൂടും ഉയർന്ന മർദ്ദവും ആർസെനിക് പോലുള്ള അപകടകരമായ വസ്തുക്കളുടെ സാന്നിദ്ധ്യവും ഈ പുരാതന വൈറസുകൾ അതിജീവിച്ചു.

ലോകത്തെ ആദ്യ നാഷണൽ പാർക്കായ യെല്ലോസ്റ്റോൺ ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിലായി 3,500 ചതുരശ്ര മൈലിൽ വ്യാപിച്ചു കിടക്കുന്നു. ശരാശരി 169.7 ഡിഗ്രീ ഫാരൻഹീറ്റ് താപനിലയുള്ള 90 മിനിറ്റുകൾ കൂടും തോറും പൊട്ടിത്തെറിക്കാറുള്ള ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സർ, ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് എന്ന ഉഷ്‌ണജല പ്രവാഹം തുടങ്ങിയവ യെല്ലോ‌സ്‌റ്റോൺ മേഖലയുടെ പ്രത്യേകതയാണ്. സൂപ്പർ വോൽക്കാനോയുടെ സാന്നിദ്ധ്യം ഇവിടുത്തെ ഉഷ്ണജല പ്രവാഹങ്ങളിലും നീരുറവകളിലും താപനിലയ്‌ക്കൊപ്പം അസിഡിക് അംശവും വർദ്ധിക്കാൻ കാരണമാകുന്നു.

Advertisement
Advertisement