പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം

Tuesday 28 May 2024 12:13 PM IST

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുൽ പി ഗോപാലിന്റെ അമ്മ ഉഷയ്ക്കും സഹോദരി കാർത്തികയ്ക്കും മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.

ഗാർഹിക പീഡനക്കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഉഷയും കാർത്തികയും. ചോദ്യം ചെയ്യലുമായി ഉഷയും കാർത്തികയും സഹകരിക്കണം. ജൂൺ ഒന്നിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി നിർദേശം നൽകി.

ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗാർഹിക പീഡനം എന്ന ആരോപണം തെറ്റാണെന്നും പ്രതികൾ ആവർത്തിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരത്തെ ഉഷയ്‌ക്കും കാർത്തികയ്‌ക്കും അന്വേഷണ സംഘ തലവനായ ഫറോക്ക് അസി. കമ്മിഷണർ സജു കെ. അബ്രഹാം നോട്ടീസ് നൽകിയിരുന്നു. അനാരോഗ്യം കാരണം ഹാജരാകാനാവില്ലെന്ന് ഉഷ പൊലീസിനെ അറിയിച്ചിരുന്നു. മാത്രമല്ല കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയും തേടിയിരുന്നു. ഇതിനിടയിലാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

മേയ് അ​ഞ്ചി​ന് ​ഗു​രു​വാ​യൂ​രി​ൽ വച്ചായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയും​ ​വി​വാ​ഹം.​ ​പ​തി​നൊ​ന്നി​നാണ് രാഹുൽ യുവതിയെ ക്രൂരമായി മർദിച്ചത്. ഫോൺ ചാർജറിന്റെ വയർ കഴുത്തിൽ കുരുക്കിയടക്കം മർദിച്ചിരുന്നു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും അന്ന് ഉഷയും രാഹുലിന് ഒപ്പമുണ്ടായിരുന്നെന്നും യുവതി ആരോപിച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ യുവതിയെ ഇയാൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

വിവാഹ സത്കാരത്തിനായി യുവതിയുടെ ബന്ധുക്കൾ രാഹുലിന്റെ വീട്ടിലെത്തിയിരുന്നു. യുവതിയുടെ ശരീരത്തിലെ പാടുകൾ കണ്ട് വിവരം ബന്ധുക്കൾ ചോദിച്ചപ്പോൾ രാഹുൽ മർദിച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആദ്യഘട്ടത്തിൽ രാഹുലിന് അനുകൂലമായ സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. എന്നാൽ ആരോപണം ഉയർന്നതോടെ രാഹുലിനെ നാടുവിടാൻ സഹായിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. വനിതാ കമ്മീഷൻ അടക്കം വിഷയത്തിൽ ഇടപെട്ടു.

രാഹുൽ പി. ഗോപാലിന്റെ കാറിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. രാഹുലിന്റെ ബാങ്ക് അക്കൗണ്ടും നേരത്തേ മരവിപ്പിച്ചിരുന്നു.

പന്തീരാങ്കാവ് പൊലീസ് ഗാർഹിക പീഡന കേസ് രജിസ്റ്റർ ചെയ്ത ദിവസം രാഹുൽ വീട്ടിലുണ്ടായിരുന്നു. വധശ്രമത്തിന് കേസെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒളിവിൽ പോയത്.

Advertisement
Advertisement