'ഭക്ഷ്യവിഷബാധ കണ്ടാൽ ഉടൻ റിപ്പോർട്ട് നൽകണം'

Wednesday 29 May 2024 12:00 AM IST

തൃശൂർ: ഭക്ഷ്യവിഷബാധയുണ്ടായാൽ ആശുപത്രികൾ ഉടൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഭക്ഷ്യസുരക്ഷാ വകുപ്പിനെയും അറിയിക്കണമെനന്ന് കളക്ടർ വി.ആർ കൃഷ്ണതേജ നിർദേശം നൽകി. പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയുണ്ടായ പശ്ചാത്തലത്തിൽ വിളിച്ച അടിയന്തര യോഗത്തിലാണ് കളക്ടറുടെ നിർദേശം.

പ്രാഥമികാരോഗ്യ കേന്ദ്രം മുതൽക്കുള്ള ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണം. ഇതിനായി വകുപ്പുകളിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തും. റിപ്പോർട്ട് കിട്ടിയാൽ തദ്ദേശസ്ഥാപനങ്ങളിലെ എച്ച്.ഐ, ഫുഡ്‌ സേഫ്ടി ഉദ്യോഗസ്ഥർ അടിയന്തരമായി പരിശോധന നടത്തി നടപടി സ്വീകരിക്കും. നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ പ്രാഥമിക ഘട്ടത്തിൽ തന്നെ കേസുകൾ കണ്ടെത്താനാകുമെന്നും കളക്ടർ വിശദീകരിച്ചു. സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കളക്ടർ (യു.ടി) അതുൽ സാഗർ, ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ എല്ലാ റസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും ശുചിത്വം, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനകളും തുടർപരിശോധനകളും തദ്ദേശ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തണം.

- വി.ആർ. കൃഷ്ണതേജ, കളക്ടർ