മോദിയുടെ തട്ടകത്തിൽ നിറഞ്ഞാടി രാഹുലും അഖിലേഷും

Wednesday 29 May 2024 12:28 AM IST

ന്യൂഡൽഹി: ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ ഉജ്ജ്വല റാലിയുമായി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും. വാരാണസയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായി, ചന്ദൗലി മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി വീരേന്ദ്ര സിംഗ് എന്നിവരുടെ പ്രചാരണത്തിനായി 'ഇന്ത്യ' മുന്നണി സംഘടിപ്പിച്ചതായിരുന്നു റാലി.

400ൽ കൂടുതൽ സീറ്റു നേടുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ 140 കോടി ജനങ്ങൾ 140 സീറ്റിൽ ഒതുക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശ് 'ഇന്ത്യ' മുന്നണിക്ക് അനുകൂലമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. യു.പിയിൽ ഡബിൾ എൻജിൻ സർക്കാർ പരാജയം. ഗംഗാ നദിയെ ശുദ്ധിയാക്കുമെന്ന ബി.ജെ.പി പ്രഖ്യാപനങ്ങൾ പാഴ‌്‌വാക്കായി. നല്ല ദിനങ്ങൾ വരുമെന്ന് പറഞ്ഞുപറ്റിച്ചു. സന്തോഷ ദിനങ്ങൾ തിരിച്ചു കൊണ്ടുവരാനാണ് 'ഇന്ത്യ' മുന്നണിയുള്ളതെന്നും അഖിലേഷ് പറഞ്ഞു. അംബേദ്‌കർ സൃഷ്‌ടിച്ച ഭരണഘടന സംരക്ഷിക്കാനാണ് മുന്നണി വോട്ടു ചോദിക്കുന്നത്. മോദി സർക്കാർ ചെയ്‌തതൊന്നും കർഷകർ മറക്കില്ല. ജൂൺ നാലിന് ശേഷം 'ഇന്ത്യ' മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ അവരുടെ അവകാശങ്ങൾ തിരികെ സ്ഥാപിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി മാദ്ധ്യമങ്ങൾക്ക് തുടർച്ചയായി അഭിമുഖം നൽകുന്നതിനെ വിമർശിച്ചും കളിയാക്കിയുമാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ഞങ്ങൾ അഭിമുഖങ്ങളിലും പത്രസമ്മേളനങ്ങളിലും ബുദ്ധിമുട്ടുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാറുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ അഭിമുഖത്തിൽ 'താങ്കൾ മാങ്ങ എങ്ങനെയാണ് കഴിക്കുക' തുടങ്ങിയ ചോദ്യങ്ങളാണ് ഉണ്ടാകുക. ഈ ചോദ്യം കേട്ടാൽ മോദിജി കുറച്ചു നേരം ആലോചിച്ച് മുകളിലേക്ക് നോക്കി, ഉത്തരം പറയും: ഞാൻ മറ്റുള്ള ഇന്ത്യക്കാരെപ്പോലെ ഉണ്ടായതല്ല. എന്നെ ദൈവം പ്രത്യേക ദൗത്യത്തിനായി അയച്ചതാണെന്ന്.

മോദിയുടെ ദൗത്യം അദാനിയെ സഹായിക്കലാണെന്നും രാഹുൽ കളിയാക്കി. ദൗത്യത്തിൽ പാവപ്പെട്ട കച്ചവടക്കാർക്കുമേൽ ജി.എസ്.ടി ചുമത്തിയതും കർഷകരുടെ ഭൂമി പിടിച്ചെടുത്തതുമുണ്ടെന്നും രാഹുൽ പറഞ്ഞു. ദൈവം അയച്ചയാൾ പാവപ്പെട്ടവരെ സഹായിക്കേണ്ടതല്ലേയെന്നും രാഹുൽ ചോദിച്ചു. അതു ചെയ്യാത്തതുകൊണ്ട് പാവപ്പെട്ടവർ പാവങ്ങളായി തന്നെ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാക്കളായ ഭുപേഷ് ബഗേൽ, സൽമാൻ ഖുർഷിദ്, സുപ്രിയ ശ്രീനാട്ട് തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement